Connect with us

National

കന്നട സംസാരിച്ചില്ല; ബംഗളുരുവില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

Published

|

Last Updated

ബംഗളുരു: കന്നട ഭാഷ സംസാരിക്കാന്‍ വിസമ്മതിച്ച മൂന്ന് മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് നേരെ ബംഗളുരുവില്‍ ആക്രമണം. മണിപ്പൂരി വിദ്യാര്‍ഥി സംഘടനയുടെ നേതാവ് മൈക്കല്‍ ഹാവോക്(26) ഉള്‍പ്പെടെയുള്ളവരെയാണ് ഐ ടി നഗരത്തില്‍ ഒരു സംഘമാളുകള്‍ ആക്രമിച്ചത്. മൈക്കലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഇവിടെയുള്ള ഒരു റസ്റ്റോറന്റിലാണ് സംഭവം. മൂന്ന് മണിപ്പൂര്‍ വിദ്യാര്‍ഥികളും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത് ഇരുന്ന കന്നടക്കാര്‍, ഉച്ഛത്തില്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളോട് സ്വരം താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഇതിന് വിദ്യാര്‍ഥികള്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കി. ഭാഷ മനസ്സിലാകാതിരുന്ന സംഘം കന്നടയില്‍ സംസാരിക്കാന്‍ വിദ്യാര്‍ഥികളോടാവശ്യപ്പെട്ടു.
വാഗ്വാദം തുടരുന്നതിനിടെ മൂന്ന് പേര്‍ എഴുന്നേറ്റ് വന്നു. കര്‍ണാടകയില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്തു കൊണ്ട് കന്നട സംസാരിക്കുന്നില്ല എന്ന് ആക്രോശിച്ച് മര്‍ദിക്കുകയായിരുന്നു. ഇത് യഥാര്‍ഥ വംശീയ ആക്രമണമാണെന്ന് മൈക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി മൂന്ന് കന്നടക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷനല്‍ പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. മണിപ്പൂരി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് ആക്രമണത്തിനിരയായ മൈക്കിള്‍. ഇതേസംഘടനയില്‍ പെട്ട ഗംഘോലന്‍ ഹവോക്ക്(28), റോക്കി കിഗ്‌പെന്‍(25) എന്നിവരാണ് ആക്രമണത്തിനിരയായ മറ്റുള്ളവര്‍. ഇവര്‍ക്ക് കാര്യമായ പരുക്കില്ല. കഴിഞ്ഞ മാസം ഗംഗോലന്‍ ഇതേ രുപത്തിലുള്ള മറ്റൊരാക്രമണത്തിന് ഇരയായിരുന്നു, വിദ്യാഭ്യാസത്തിനും ജോലിക്കുമെത്തുന്ന 2,40,000 ഉത്തരേന്ത്യക്കാരാണ് ബംഗളുരുവിലുള്ളത്.