Connect with us

Articles

ജീവിത ദുരന്തത്തിന്റെ കൊളുന്ത് നുള്ളുന്നവര്‍

Published

|

Last Updated

പുകമഞ്ഞു പാറുന്ന ചുരങ്ങള്‍ക്കപ്പുറത്ത് സന്ദര്‍ശകരായെത്തുന്ന ആയിരങ്ങളെ ആകര്‍ഷിക്കുന്ന പച്ച പുതച്ച തേയിലച്ചെരുവുകള്‍. ഏലവും കാപ്പിയും പൂത്തുപരന്ന് കാടിനെ തഴുകിയൊഴുകുന്ന ഗന്ധം, കുന്നിന്‍മുകളിലൂടെ ഒഴുകി നടക്കുന്ന മഴമേഘങ്ങള്‍, പച്ചയും കുളിരുമായി വയനാടിനും ഇടുക്കിക്കുമൊക്കെ പറയാനുള്ളത് സ്വപ്‌നസമാനമായ സൗന്ദര്യ ദൃശ്യങ്ങള്‍. മലയാള നാട് കണ്ട സഞ്ചാരി അറിഞ്ഞതും അനുഭവിച്ചതും മലയോര മേഖലയുടെ സൗന്ദര്യമാണ്. എന്നാല്‍ ആ പച്ചപ്പുകള്‍ക്കപ്പുറത്ത് വിവരിക്കാനാകാത്ത തൊഴിലാളിയുടെ കണ്ണീരും വിയര്‍പ്പുമുണ്ട്. തേയിലപ്പാടികളില്‍ മരിച്ചു ജീവിക്കുന്ന പതിനായിരങ്ങളുടെ വേദന പിഴിഞ്ഞ് ചുടു ചായ മോന്തുന്ന പലര്‍ക്കും ഇവരുടെ ജീവിതമറിയില്ല.
ഒരിക്കല്‍ കയറിയെത്തിയാല്‍ പിന്നീടൊരിക്കലും തിരിച്ചിറങ്ങാനാകാത്ത പീഡനത്തിന്റെയും ദുരിതത്തിന്റെയും കുന്നുകളാണിതെന്നന്ന് അറിയാത്തവരല്ല തൊഴിലാളികള്‍. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ പാടികളില്‍ തേഞ്ഞുതീരുകയാണ് ഇവിടങ്ങളില്‍ പണിയെടുക്കുന്നവര്‍.
1800കളിലാണ് കേരളത്തിന്റെ കുന്നുകളില്‍ തേയിലച്ചെടികള്‍ വളര്‍ന്നു തുടങ്ങിയത്. നാട്ടുരാജ്യമായ മൈസൂരിന്റെയും മദ്രാസിന്റെയും അധിപന്‍മാരായിരുന്ന സായിപ്പന്‍മാര്‍ കങ്കാണിമാരെ വെച്ച് തൊഴിലെടുപ്പിച്ചാണ് കുന്നുകള്‍ പച്ച പുതപ്പിച്ചത്. തല്ലാനും കൊല്ലാനും മടിക്കാത്ത ഈ കങ്കാണിമാര്‍ അടിമകളായി വെച്ച തൊഴിലാളികള്‍ അന്നു തുടങ്ങിയ വിശ്രമമില്ലാത്ത അദ്ധ്വാനം അവരുടെ പിന്‍മുറക്കാര്‍ ഇന്നും അതേപടി തുടരുകയാണ്. ആഴ്ചയില്‍ ആറണ കൂലിക്കാണ് അന്ന് രാപകല്‍ സായിപ്പ് പണിയെടുപ്പിച്ചത്. ഇന്ന് പുതിയ സായിപ്പന്‍മാന്‍ ആഴ്ചയില്‍ നൂറ് രൂപ നീട്ടിയാണ് തൊഴിലാളിയെ ചൂഷണം ചെയ്യുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യവും അനുഭവിക്കാനാകാത്ത കുറേ മനുഷ്യര്‍. കുറഞ്ഞ കൂലിയും മോശം ജീവിത സാഹചര്യവും നേരിടുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ദുരിതം വളരുന്ന താഴ്‌വരകളാണ് കേരളത്തിന്റെ തേയില തോട്ടങ്ങള്‍. വിശ്രമമില്ലാത്ത ജോലിക്കൊടുവില്‍ തൊഴിലാളിക്ക് ലഭിക്കേണ്ടത് ദിവസവേതനമായി 216 രൂപ. കൂലിയായി 82 രൂപ 63 പൈസയും ഡി എയായി 133 രൂപ 90 പൈസയുമായി വേതനം 216 ആയി പുതുക്കി നിശ്ചയിച്ചത് 2011 ലാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കൂലി വര്‍ധന നടപ്പാക്കണമെന്നാണ് തോട്ടം മേഖലയിലെ നിയമമെങ്കിലും ആ സമയം കഴിഞ്ഞിട്ടും ഇതിനായുള്ള ചര്‍ച്ചകള്‍ പോലും എവിടെയും തുടങ്ങിയിട്ടില്ല.
നിശ്ചയിക്കപ്പെട്ട കൂലി ഈ തൊഴിലാളികളുടെ വിയര്‍പ്പിന് പകരമാവില്ല. എന്നാല്‍ അതു പോലും നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല. കേരളത്തിലെ പല തോട്ടങ്ങളിലും രണ്ടും മൂന്നും മാസമായി കൂലിയില്ലാതെ വേല ചെയ്യുകയാണ് തൊഴിലാളികള്‍. ഓരോ മാസവും പത്താം തീയതി നല്‍കിയിരുന്ന കൂലി പതിയെ ഇരുപതാം തീയതിയായി. അടുത്തിടെ അത് മുപ്പതാം തീയതിയായി. പിന്നീട് കിട്ടാതെയുമായി. ഒരു കുടുംബത്തിന്റെ വിശപ്പും ദാഹവുമെല്ലാം ആഴ്ചയില്‍ ചെലവിനായി വെച്ചുനീട്ടുന്ന നൂറ് രൂപ കൊണ്ട് കഴിയണം. ഇതിനിടയില്‍ അസുഖം പിടിപെട്ടാല്‍ മുടന്തിയെങ്കിലും നീങ്ങുന്ന ജീവിതം പിന്നെ പാടികളിലെ പിന്നാമ്പുറത്തെ ലയങ്ങളില്‍ അവസാനിക്കും.
കൈയില്‍ കിട്ടില്ലെങ്കിലും വാഗ്ദത്തം ചെയ്ത തുകയിലും ചിലപ്പോള്‍ മാനേജ്‌മെന്റ് കൈ വെക്കും. അവര്‍ പറയുന്ന തേയില നുള്ളിയില്ലെങ്കില്‍ മാസാവസാനം വേതന കണക്കുകള്‍ വെട്ടിത്തിരുത്തും. 21 കിലോ തേയിലച്ചപ്പ് ഒരു ദിവസം നുള്ളണമെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ കൂടുതല്‍ നുള്ളണമെന്നാണ് തോട്ടമുടമകളുടെ ആജ്ഞ. ഇതില്‍ കുറവ് വന്നാല്‍ ഉടമയുടെ മുഖം കറുക്കും. കൂലിയില്‍ കുറവ് വരുത്തും.
വെയിലും മഴയും വകവെക്കാതെ കീടനാശിനി തെളിച്ച തോട്ടങ്ങളില്‍ രോഗം തളര്‍ത്തിയ ശരീരവും മനസ്സുമായി ജോലിയെടുക്കുമ്പോഴും പട്ടിണി തിന്ന് കഴിയേണ്ട ദുര്‍ഗതിയിലാണ് തേയിലപ്പാടികളിലെ പാവങ്ങള്‍. കുറഞ്ഞ കൂലിയാണെങ്കിലും ചികിത്സ, ആശ്രിത നിയമനം, താമസം, മക്കളുടെ വിദ്യാഭ്യാസം എന്നീ സൗകര്യങ്ങളായിരുന്നു ആദ്യ കാലങ്ങളില്‍ തോട്ടങ്ങളിലേക്ക് തൊഴിലാളികളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ മിക്ക തോട്ടങ്ങളിലും ഈ സൗകര്യങ്ങളൊക്കെ നിലച്ചു. ചികില്‍സാ സഹായം പോലും ഇന്ന് പലയിടത്തും ലഭ്യമല്ല. സര്‍ക്കാറിന്റെ ബി പി എല്‍ കാര്‍ഡില്‍ പോലും തോട്ടം തൊഴിലാളികള്‍ പുറത്താണ്. നിയമത്തിന്റെ പരിധിക്കു പുറത്തായതിനാല്‍ ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യവും ഇവിടെ തൊഴിലാളിക്ക് അന്യമാണ്. ഇത്രയേറെ തൊഴില്‍ പീഡനവും മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും നടക്കുന്ന മേഖലയില്‍ മുതലാളി ഏകാധിപതിയായി മാറിയിട്ടും തൊഴില്‍ നിയമങ്ങളോ മനുഷ്യാവകാശത്തിന്റെ കാവലിരുപ്പുകാരോ ഈ തോട്ടങ്ങള്‍ കയറിയെത്തിയിട്ടില്ല. ശരീരവും മനസ്സും തളര്‍ത്തി ഒരു ആയുസ്സിന്റെ മുഴുവന്‍ വിയര്‍പ്പു കണങ്ങളും പതിഞ്ഞ പാടികള്‍ വിടുമ്പോള്‍ മാരക രോഗങ്ങളാണ് പലരുടേയും സമ്പാദ്യം.
മുതലാളിക്ക് വേണ്ടി നടുവളച്ച് തേയില നുള്ളിയെത്തുന്ന തൊഴിലാളിക്ക് നടുനിവര്‍ത്തിയൊന്ന് കിടന്നുറങ്ങാന്‍ കഴിയുന്ന സാഹചര്യമല്ല ലയങ്ങളിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ കൂരകളിലേക്ക് മുതലാളിമാര്‍ തിരിഞ്ഞു നോക്കാറേയില്ല. അവരുടെ ഭവനങ്ങളെക്കുറിച്ചു നാളെ

Latest