Connect with us

Malappuram

അങ്കണ്‍വാടി അധ്യാപികയുടെ ആത്മഹത്യ; ഐ സി ഡി എസ് സൂപ്പര്‍വൈസറെ സ്ഥലം മാറ്റി

Published

|

Last Updated

വണ്ടൂര്‍: കാപ്പില്‍ അങ്കണ്‍വാടി അധ്യാപിക പി വി വിജയകുമാരി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയായ വണ്ടൂര്‍ ബ്ലോക്കിലെ ഐ സി ഡി എസ് സൂപ്പര്‍വൈസറെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
സൂപ്പര്‍വൈസര്‍ ജാസ്മിനെയാണ് തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ ബ്ലോക്ക് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് സംസ്ഥാന സാമൂഹ്യനീതി ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ സ്ഥലം മാറ്റിയത്.
സാമൂഹ്യനീതി ജോയിന്റ് ഡയറക്ടര്‍ വി എസ് വേണു, പ്രോഗ്രാം ഓഫീസര്‍ സബീന എന്നിവരടങ്ങുന്ന അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സൂപ്പര്‍വൈസര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടായേക്കും. സെപ്തംബര്‍ 26ന് വീടിനടുത്തുളള അങ്കണ്‍വാടി കെട്ടിടത്തിനകത്താണ് വിജയകുമാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍വൈസറില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന നിരന്തരമായ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിജയകുമാരി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. മാതാവിന്റെ മരണത്തിന് കാരണക്കാരിയായ സൂപ്പര്‍വൈസര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മക്കളും പരാതി നല്‍കിയിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ സൂപ്പര്‍വൈസര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂര്‍ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. വിജയകുമാരിയുടെ ആത്മഹത്യാക്കുറിപ്പ്, സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍വൈസര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.