Connect with us

Malappuram

നിലയില്ലാ കയത്തില്‍ മൂന്ന് വയസ്സുകാരന്റെ കുസൃതി

Published

|

Last Updated

കോട്ടക്കല്‍: നിലയില്ലാത്ത വെള്ളം കണ്ടാല്‍ മുതിര്‍ന്നവരുടെ പരിഭ്രമമൊന്നും ശംനാദിനില്ല. മൂന്ന് വയസ്സുകാരനെങ്കിലും മുതിര്‍ന്നവരേക്കാള്‍ മൂന്നിലാണ് ആവേശവും ആത്മധൈര്യവും. ശംനാദിന്റെ വെള്ളത്തിലെ കുസൃതികള്‍ കാണാന്‍ ചൂനൂരിലെ ചോലയില്‍ ചെല്ലണം.

മലര്‍ന്നും കമഴ്ന്നും കരണംമറിഞ്ഞുമൊക്കെ ശംനാദ് വെള്ളത്തില്‍ നീന്തിത്തുടിക്കും. ചൂനൂര്‍ കൊമ്പന്‍ മൊയ്തീന്‍, റുഖിയ്യ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായ ശംനാദ് കൊച്ചുനാളിലേ തുടങ്ങിയതാണ് ചോലയുമായുള്ള ചങ്ങാത്തം.
വീട്ടുകാരും പരിസരവാസികളുമൊക്കെ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന ചോല ഇന്ന് ശംനാദിന്റെ കളിത്തൊട്ടില്‍ കൂടിയാണ്. വെള്ളത്തെ ഭയക്കണമെന്ന തിരിച്ചറിവു പോലും ഇല്ലാത്ത പ്രായത്തില്‍ തന്നെ അവന്‍ മാതാവിന്റെ അരിക് പറ്റി ചോലക്കരികില്‍ എത്തുമായിരുന്നു. പ്രവാസിയായ പിതാവാണ് ആദ്യം കൈത്തണ്ടയില്‍ കിടത്തി വെള്ളത്തിലേക്ക് വെച്ചുകൊടുത്തത്. പിന്നെ ആവേശത്തിന്റെ ഓളങ്ങളിലേറി ശംനാദ് വെള്ളത്തെ നീന്തിത്തോല്‍പ്പിക്കാന്‍ തുടങ്ങി. വെള്ളത്തില്‍ എത്രനേരം വേണമെങ്കിലും നീന്തിത്തിമിര്‍ക്കാന്‍ ശംനാദിനിപ്പോള്‍ ഒരാളുടെയും കൂട്ടുവേണ്ട.
വെറുമൊരു നീന്തലല്ല, ശംനാദിന്റെത്. ആദ്യം മലര്‍ന്ന്, പിന്നെ കമഴ്ന്ന് അങ്ങനെ നീന്തലിന്റെ രീതികളോരോന്നും സ്വയം പരിശീലിച്ചറിയുന്ന കൊച്ചു കുസൃതിക്ക് ദിവസം രണ്ട് നേരമെങ്കിലും ചോലയില്‍ നീരാടിയില്ലെങ്കില്‍ ചൊടിയാണ്. എന്നാല്‍, രണ്ടാമൂഴത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വെള്ളത്തില്‍ ചാടുന്ന സാഹസത്തിനൊന്നും ശംനാദിനെ കിട്ടില്ല. തന്നേക്കാള്‍ മുതിര്‍ന്ന ഒരു സഹോദരനും സഹോദരിയുമുണ്ട് ശംനാദിന്. ഇവരും വെള്ളത്തിലാശാന്മാര്‍ തന്നെ.
തുഴഞ്ഞു പഠിച്ചതും ഈ ചോലയില്‍ തന്നെ. പക്ഷെ, നീന്തലിന്റെ പുസ്തകം നിവര്‍ത്തിയത് കൊച്ചനിയനെ പോലെ നന്നേ ചെറുപ്പത്തിലല്ലെന്നു മാത്രം. എന്നാല്‍, സഹോദരങ്ങളെ പോലെ ചോലയുടെ ആഴമറിയാനൊന്നും ശംനാദ് കാത്തുനിന്നില്ല. പ്രായത്തെ തോല്‍പ്പിച്ച വെള്ളത്തിലെ താരമിപ്പോള്‍ വീട്ടിലും നാട്ടിലും താരമാണ്.

 

Latest