Connect with us

Kasargod

അഞ്ച് നിര്‍ഭയ പഞ്ചായത്തുകളില്‍ ക്രൈം മാപ്പിംഗ് 24ന് പൂര്‍ത്തീകരിക്കും

Published

|

Last Updated

കാസര്‍കോട്: കുടുംബശ്രീ ബാലസൗഹൃദ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തിരഞ്ഞെടുത്ത അഞ്ച് നിര്‍ഭയ പഞ്ചായത്തുകളില്‍ ഈമാസം 24നകം ക്രൈം മാപ്പിംഗ് പൂര്‍ത്തിയാക്കും.
കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ബേഡഡുക്ക, കിനാനൂര്‍ കരിന്തളം, കയ്യൂര്‍-ചീമേനി, വലിയപറമ്പ, പിലിക്കോട് എന്നീ പഞ്ചായത്തുകളെയാണ് നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് മൊത്തം 70 പഞ്ചായത്തുകളാണ് നിര്‍ഭയ പദ്ധതിയിലുള്ളത്.
കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വിവര ശേഖരണത്തിലൂടെയാണ് ക്രൈം മാപ്പിംഗ് നടത്തുന്നത്. വിവര ശേഖരണത്തിനായി വിദഗ്ധരുടെ സഹായത്തോടെ ച്യോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ ക്രൈം മാപ്പിംഗിനായി സോഷ്യല്‍ വര്‍ക്ക് ബിരുദധാരികളുടെ സഹകരണം ഉറപ്പാക്കും. ക്രൈംമാപ്പിംഗ് നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറുമായ 15 അംഗങ്ങള്‍ കുറയാത്ത സംഘാടക സമിതി രൂപവത്കരിക്കും. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിടെ 10 മുതല്‍ 18 വയസ്സുവരെയുള്ള 100 കുട്ടികളെയും, 10 വയസ്സിനു താഴെയുള്ള 100 കുട്ടികളെയും മാതാപിതാക്കളോടൊപ്പം ഇരുത്തിയാണ് ക്രൈം മാപ്പിംഗ് നടത്തുന്നത്. അഞ്ച് വയസ്സ് വരെയുള്ളവര്‍, ആറിനും പത്തിനും ഇടയിലുള്ളവര്‍, 11നും 15നും ഇടയിലുള്ളവര്‍, 16നും 18നും ഇടയിലുള്ളവര്‍ എന്നിങ്ങനെ വയസ്സടിസ്ഥാനത്തില്‍ നാലു ഗ്രൂപ്പുകളായി ക്രൈം മാപ്പിംഗ് സംഘടിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പഞ്ചായത്തിനു ഒരു ലക്ഷം രൂപ പ്ലാന്‍ഫണ്ടില്‍നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ക്രൈംമാപ്പിംഗ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ് ചെമ്പരിക്ക, എ ഡി എം സിമാരായ മുഹമ്മദ് കുഞ്ഞി, വിജയന്‍, ബാലസഭ കണ്‍സള്‍ട്ടന്റ് സുധീഷ് മരുതളം പങ്കെടുത്തു.

 

Latest