Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പേ വാര്‍ഡ് നവീകരണം പൂര്‍ത്തിയായി

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ കോള ജില്‍ പേ വാര്‍ഡ് നവീകരണം പൂര്‍ത്തിയായി. 50 ശതമാനം മുറികള്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് വേണമെന്ന് ആവശ്യം. 500 കിടക്കകളുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന പേ വാര്‍ഡില്‍ ഏഴ് ശതമാനത്തിന് പോലും സൗകര്യമില്ല.
ഈ സാഹചര്യത്തില്‍ ആകെയുള്ള 40 മുറികളില്‍ 20 മുറികള്‍ ജൂനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാര്‍ക്ക് വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ എച്ച് ആര്‍ ഡബ്ല്യു എസ് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. 23 ഡീലക്‌സ് റൂമുകളും 17 എ ടൈപ്പ് പേ വാര്‍ഡുകളുമാണ് മഞ്ചേരിയില്‍ ജില്ലാ ആശുപത്രിയായിരുന്ന കാലത്ത് സ്ഥാപിച്ച മുറികളാണ് ഇന്നുള്ളത്. മെഡിക്കല്‍ കോളജ് ആയി ഉയര്‍ന്നതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നവീകരിച്ച പേ വാര്‍ഡില്‍ ആറ് സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ അധികൃതര്‍ക്ക് കത്തയച്ചു.
സ്റ്റാഫിന്റെ അപര്യാപ്തത ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് ഈ മാസം 30നകം കൂടുതല്‍ നഴ്‌സുമാരെയും ഇതര ജീവനക്കാരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. നവീകരിച്ച പേ വാര്‍ഡ് ഈ മാസം മധ്യത്തോടെ തുറന്നു പ്രവര്‍ത്തിക്കാനാണ് അധികൃത നിലപാട്. അതേ സമയം ജില്ലയില്‍ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, തിരൂര്‍ പേ വാര്‍ഡുകളില്‍ പലതും തകര്‍ന്ന് നാശോന്മുഖമായി കിടക്കുകയാണ്. ആറു വര്‍ഷമായി തിരൂര്‍ ജനതാ പേ വാര്‍ഡ് തകര്‍ന്ന് കിടക്കുകയാണ്. തിരൂരങ്ങാടിയില്‍ ജനതാ വാര്‍ഡ്, ഡീലക്‌സ് വാര്‍ഡ്, സാധാരണ പേ വാര്‍ഡ് എന്നിവ കാലങ്ങളായി അടഞ്ഞുകിടക്കുകയാണ്. പെരിന്തല്‍മണ്ണയില്‍ പേ വാര്‍ഡിന്റെ ഒരു ഭാഗം പൂര്‍ണമായും നശിച്ചു കഴിഞ്ഞു. സര്‍ക്കാരോ ആരോഗ്യമന്ത്രിയോ കെ എച്ച് ആര്‍ ഡബ്ല്യു എസ് എന്ന സ്ഥാപനമോ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളോ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല.