Connect with us

Gulf

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ആപ്ലിക്കേഷനുകളുമായി ജൈറ്റെക്‌സിന് കൊടിയേറി

Published

|

Last Updated

ദുബൈ: വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും അകമ്പടിയോടെ ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന് കൊടിയേറി. വേള്‍ഡ് ട്രേഡ് സെന്ററിലാണ് ജൈറ്റക്‌സ് ടെക്‌നോളജി വീക്കിന് കൊടിയേറിയത്. 16(വ്യാഴം) വരെ നീണ്ടുനില്‍ക്കും. ഇന്നലെ രാവിലെ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു.
ശൈഖ് ഹംദാന്‍ വിവിധ പവലിയനുകള്‍ സന്ദര്‍ശിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ്്് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മറിയും ഒപ്പമുണ്ടായിരുന്നു.
നിരവധി ആപ്ലിക്കേഷനുകളാണ് ഈ വര്‍ഷത്തെ ജൈറ്റക്‌സ് ടെക്‌നോളജി വീക്കിന്റെ പ്രത്യേകത. യു എ ഇയിലെ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇത്തിസലാത്ത്, ഡു തുടങ്ങിയവക്കൊപ്പം ആര്‍ ടി എ, ദുബൈ നഗരസഭ, ദുബൈ ഹെല്‍ത്ത് അതോറിറ്റി, തുടങ്ങിയ സ്ഥാപനങ്ങളും അത്യാധുനിക ആപ്ലിക്കേഷനുകളുമായി ജൈറ്റക്‌സ് വീക്കില്‍ സജീവമായുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം പുതിയ ആപ്ലിക്കേഷനുകള്‍ ദുബൈ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ നഗരസഭയും ഡി എച്ച് എയും ഉള്‍പ്പെടെയുള്ളവ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ദുബൈയെ നൂറു ശതമാനം സ്മാര്‍ടാക്കി മാറ്റുവാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ ഭാഗമായി പുതിയ നിരവധി ആപ്ലിക്കേഷനുകളാണ് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താന്‍ സജ്ജമാക്കിയിരിക്കുന്നത്.
ഒരു വര്‍ഷത്തിനകം ദിവയെ നൂറു ശതമാനം സ്മാര്‍ടാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തവെ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ഇതിനായി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ആപ്ലിക്കേഷനുകള്‍ ഗവേഷകര്‍ കണ്ടുപിടിച്ചു വരികയാണ്. ഇവ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് ദിവ ഉത്സാഹിക്കുന്നത്. ദുബൈ എക്‌സലെന്‍സ് പ്രോഗ്രാം 2013ല്‍ ദിവ 94.3 ശതമാനം ഉപഭോക്തൃ സംതൃപ്തിയാണ് ദിവ നേടിയത്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഉപഭോക്തൃ സംതൃപ്തി നിരക്കാണിത്.
മൂന്നു പുതിയ ആപ്ലിക്കേഷനുകളാണ് ദിവ ജൈറ്റെക്‌സില്‍ അവതരിപ്പിക്കുന്നത്. വീട്ടുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും സ്ഥാപിക്കാന്‍ കഴിയുന്ന ഫോട്ടോവോള്‍ട്ടിക് സോളാര്‍ പാനലാണിവയില്‍ ഒന്ന്. ഇതിലൂടെ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയുടെ ഒരു ഭാഗം ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അല്‍ തായര്‍ വ്യക്തമാക്കി.
ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന്റെ 34ാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. 140 രാജ്യങ്ങളില്‍ നിന്നായി 1.35 ലക്ഷം സന്ദര്‍ശകരെ ജൈറ്റെക്‌സ് മേള ആഘര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമായും മധ്യപൗരസ്ത്യദേശം, ആഫ്രിക്ക, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്നാവും കൂടുതല്‍ പേര്‍ ജൈറ്റെക്‌സ് ടെക്‌നോളജി വീക്കില്‍ എത്തുക. വേള്‍ഡ് ട്രേഡ് സെന്ററിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള ഹാളുകളിലും ഒപ്പം ശൈഖ് റാശിദ് ഹാള്‍, ശൈഖ് സഈദ് ഹാള്‍ 1, ശൈഖ് സഈദ് ഹാള്‍ 2, ശൈഖ് സഈദ് ഹാള്‍ 3, സബീല്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് ടെക്‌നോളജി വീക്കിനായുള്ള ഔട്ടലെറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുന്ന മേളയിലേക്ക് എല്ലാ വര്‍ഷവും വന്‍ജനപ്രവാഹമാണ് ഉണ്ടാകാറ്.
ഈ വര്‍ഷവും സ്ഥിതി മറിച്ചല്ല. ഉദ്ഘാടന ദിവസമായ ഇന്നലെ സന്ദര്‍ശകരുടെ ബാഹുല്യം കാരണം നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നു. 3,500 കമ്പനികളാണ് ജൈറ്റെക്‌സ് ടെക്‌നോളജി വീക്കില്‍ പങ്കെടുക്കാന്‍ ദുബൈയിലേക്ക് എത്തിയിരിക്കുന്നത്. 1,500 ഓളം ബിസിനസ് ഡിസിഷന്‍ മെയ്‌ക്കേഴ്‌സും മേളയുടെ ഭാഗമാവും. ത്രിഡി ടെലികോം ലിമിറ്റഡ്, ത്രിറോം, എയ്‌സ് മാര്‍ക്കറ്റിംഗ്, അകോണ്‍ ടെലികോം, എയര്‍ടൈറ്റ്, അക്ഷ് ടെക്‌നോളജീസ് ലിമിറ്റഡ്, അല്‍ ഹജ്ദിയാഹ്, അല്‍കാടെല്‍-ലൂസെന്റ്, എ എസ് സി ടെലികോം എജി, അവനിര്‍ ടെലികോം തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന്റെ ഭാഗമായി ഉല്‍പന്നങ്ങളുമായി എത്തിയിട്ടുണ്ട്.