Connect with us

Kozhikode

മിനിമം ചാര്‍ജ് 20 രൂപയാക്കി; ഓട്ടോ പണിമുടക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്: മിനിമം ചാര്‍ജ് 20 രൂപയായി ഉയര്‍ത്തിയതോടെ ജില്ലയില്‍ തിങ്കളാഴ്ച നടത്താനിരുന്ന ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് മാറ്റി. ഇനിമുതല്‍ മിനിമം ചാര്‍ജില്‍ ഒന്നര കിലോമീറ്റര്‍ ദൂരം വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.സംസ്ഥാന സര്‍ക്കാര്‍ മിനിമം നിരക്ക് 20 രൂപയായി വര്‍ധിപ്പിച്ചിട്ടും 15 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്ന പോലീസിന്റെയും ജില്ലാ അധികൃതരുടെയും തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജില്ലാ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇന്നലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജുമായി വിവിധ ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിനിമം ചാര്‍ജ് 20 രൂപ ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് കമീഷണര്‍ ഉറപ്പു നല്‍കി. ഒക്ടോബര്‍ ഒന്ന് മുതലാണ്—മിനിമം നിരക്ക് 20 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുയോ ദൂരം ഒന്നര കിലോമീറ്ററാക്കുന്നതിലോ തീരുമാനമെടുക്കാത്തത് തൊഴിലാളികളുടെ കുറ്റമല്ലെന്ന് ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളെ പ്രതിനിധികരീച്ച് ടി ബാലന്‍ നായര്‍, പി പി കുഞ്ഞന്‍ (സി ഐ ടി യു), കെ സി രാമചന്ദ്രന്‍ (ഐ എന്‍ ടി യു സി), ബിജു ആന്റണി (എച്ച് എം എസ്), കെ കെ പ്രേമന്‍(ബി എം എസ്), അബ്ബാസ് മേലാത്ത്, പി കെ നാസര്‍ (എ ഐ ടി യു സി), മീനത്ത് മൊയ്തു (എസ് ടി യു) പങ്കെടുത്തു.