Connect with us

Malappuram

പിഴ ഈടാക്കിയ പോലീസുകാരനെ നടുറോഡിലിട്ട് മര്‍ദിച്ചു

Published

|

Last Updated

തിരൂര്‍: പിഴ ഈടാക്കിയതിന്റെ പേരില്‍ ട്രാഫിക് പോലീസിനെ നടുറോഡിലിട്ട് മര്‍ദിച്ചു. എസ് ഐ ഉള്‍പ്പടെയുള്ള പോലീസുകാരെ മര്‍ദിച്ച യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എസ് ഐ സണ്ണി ജോസഫ്, ട്രാഫിക് പോലീസുകാരന്‍ സഹദേവന്‍ തുടങ്ങിയവര്‍ക്കാണ് ഇന്നലെ വൈകിട്ട് ആറരയോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് മര്‍ദനമേറ്റത്. പത്തമ്പാട് സ്വദേശി പാലമ്പറമ്പില്‍ വീട്ടില്‍ ഫാസിലി(31) നെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹെല്‍മറ്റ് വേട്ട നടത്തുന്നതിനിടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ മൂന്ന് പേരുമായി ബൈക്കിലെത്തിയ ഫാസിലില്‍ നിന്ന് പോലീസ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടു. പിഴ അടച്ച് മടങ്ങുമ്പോള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് ബൈക്ക് കാണാതെ യുവാവ് പോലീസിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് യുവാവിന് നേരെ പോലീസ് അസഭ്യം പറഞ്ഞതോടെ ട്രാഫിക് പോലീസുകാരന്‍ സഹദേവന്റെ മുഖത്തും മറ്റും അടിക്കുകയും വയര്‍ലെസ് ഫോണ്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് തിരൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ സണ്ണി ജോസഫിനെയും മര്‍ദിച്ചു. പരുക്കേറ്റ രണ്ട് പോലീസുകാരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവാവിനെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പ്രതി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest