Connect with us

Kerala

പുകയില നിയന്ത്രണം: നിയമപാലനത്തില്‍ കേരളം മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ- 2003 നടപ്പാക്കുന്നതില്‍ കേരളത്തിന് മാതൃകാപരമായ നേട്ടം. കേസെടുക്കുന്നതിലും പിഴ ഈടാക്കുന്നതിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളതെന്നാണ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വര്‍ധനവിന്റെ ഗ്രാഫ് കൂടുതല്‍ ഉയര്‍ന്നിട്ടുള്ളത്. 2013 ജനുവരിയില്‍ പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട് 2835 കേസുകളാണ് പോലീസ് എടുത്തിട്ടുളളത്. 2014 ജനുവരിയില്‍ അത് 6170 കേസുകളായി വര്‍ധിച്ചു. പിഴത്തുകയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ 4,65,000 രൂപ പിഴ പിരിച്ചെടുത്തപ്പോള്‍ ഈ വര്‍ഷം അത് 1,168000 രൂപയായി വര്‍ധിച്ചു.
ഫെബ്രുവരിയില്‍ കഴിഞ്ഞ വര്‍ഷം 2194 പേര്‍ക്കെതിരെ കേസെടുത്തപ്പോള്‍ ഈ വര്‍ഷം 6221 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലെ പിഴത്തുക 3,74,400 ആയിരുന്നപ്പോള്‍ ഇത്തവണ അത് വര്‍ധിച്ച് 1,05,93, 500ലെത്തി.
മാര്‍ച്ച് മാസത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഈ വര്‍ഷം പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3794 ആയിരുന്നത് ഈ വര്‍ഷം 70,250 ആയി. കഴിഞ്ഞ വര്‍ഷം 4,67650 പേരില്‍ നിന്നും പിഴ ഈടാക്കിയപ്പോള്‍ ഈ വര്‍ഷം 12,87,200 പേരില്‍ നിന്നും പിഴ ഈടാക്കി.
2014 മെയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നുമാസം, മുന്‍വര്‍ഷേത്താക്കാള്‍ 64 ശതമാനം വര്‍ധനവാണ് കോട്പ നിയമലംഘന പരിശോധനയില്‍ പോലീസ് കൈവരിച്ചത്.
2013 മെയ്- ജൂലൈ കാലയളവിലെ കേസുകളുടെ എണ്ണം 16,363 ആയിരുന്നത് 2014ല്‍ ഇതേ കാലയളവില്‍ അത് 26,797 ആയി വര്‍ധിച്ചു. പിരിച്ചെടുത്ത പിഴത്തുക 22,70,950ല്‍ നിന്ന് 115 ശതമാനം വര്‍ധിച്ച് 48,77,550 രൂപ ആയും ഈ കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. സെക്ഷന്‍ നാല്, അഞ്ച്, ആറ് (എ), ആറ് (ബി), ഏഴ് വകുപ്പുകള്‍ പ്രകാരമാണ് കോട്പ നിയമ പ്രകാരം കേസെടുക്കുന്നത്. പൊതു സ്ഥലങ്ങളില്‍ പകവലിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതും പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറു 100 വാര (91.4 മീറ്റര്‍) ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും കോട്പ പ്രകാരം കുറ്റകരമാണ്.
സംസ്ഥാനത്ത് പുകയില ഉപയോഗം മൂലമുണ്ടാകുന്ന സാമ്പത്തികഭാരം വളരെ വലുതാണ്. 2011 ല്‍ നടത്തിയ പഠനപ്രകാരം 226 കോടി രൂപയാണ് ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് ചെലവഴിച്ചത്. ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കോട്പ നടപ്പാക്കി മാതൃകാ ജില്ലകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരള പോലീസ് നടത്തിവരുന്നത്.
തിരുവനന്തപുരം ജില്ലയെ കോട്പ നടപ്പാക്കിയ മാതൃകാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരം പുകയിലവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്പ നിയമം കര്‍ശനമാക്കിയതോടെ മെഡിക്കല്‍ കോളജ് പരിസരത്തെ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയിലും ഉപയോഗത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി പറഞ്ഞു.
എറണാകുളം, കോഴിക്കോട് ജില്ലകളും മാതൃകാ ജില്ലകളാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ ജില്ലകളിലെ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പോലീസിന്റെ പിന്തുണയും നല്‍കിവരുന്നുണ്ട്.
കോട്പ നിയമം ഉപയോഗിച്ച് പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ പിന്തുണക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പോലീസും മറ്റ് ഉദ്യോഗസ്ഥരും പുകയില നിയന്ത്രണത്തിന്റെ ഭാഗമായി സംഭരിക്കുന്ന പിഴത്തുക പുകയില നിയന്ത്രണത്തെ ശക്തിപ്പെടുത്താന്‍ തന്നെ ഉപയുക്തമാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ ആവശ്യം.

Latest