Connect with us

Kollam

ചിന്നക്കട ക്ലോക്ക് ടവറിന്റെ സമയം തെളിയുന്നു...

Published

|

Last Updated

കൊല്ലം: കൊല്ലം നഗരത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന ചിന്നക്കടയിലെ ക്ലോക്ക് ടവര്‍ നവീകരിക്കുന്നു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ടവര്‍ നവീകരണം നടപ്പാക്കുന്നതെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
ഏത് സമയവും നിലംപൊത്താറായ നിലയില്‍ അപകടാവസ്ഥയിലായിരിക്കുന്ന ക്ലോക്ക് ടവര്‍ നവീകരണത്തിന് പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിലേക്ക് അയച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ച സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും.
ക്ലോക്ക്ടവറിന് താഴെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ച് ഇവിടം ലാന്റ്‌സ്‌കേപ്പ് ചെയ്യാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കാലപ്പഴക്കം ബാധിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലാണ് ക്ലോക്ക് ടവര്‍. ഇതിന് സമീപമായി അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിന്റെ നിലനില്‍പിനെ ബാധിച്ചിട്ടുണ്ട്. ക്ലോക്ക് ടവറിന്റെ ഒരു ഭാഗത്തെ ഭിത്തി ഇളകി വീണ നിലയിലാണ്. ഇതിലെ സമയത്തിലും കൃത്യതയില്ല.
കൊല്ലം നഗരത്തിലെത്തുന്ന ഏതൊരാളും ആദ്യം കാണുന്നത് ക്ലോക്ക് ടവറാണ്. നഗരത്തിന്റെ മുഖമുദ്രയായി കണക്കാക്കി വരുന്ന ക്ലോക്ക് ടവര്‍ നവീകരിക്കണമെന്ന് ദീര്‍ഘകാലമായി ഉയര്‍ന്നുവരുന്ന ആവശ്യമാണ്.
1932 മുതല്‍ 16 വര്‍ഷക്കാലം മേയറായിരുന്ന കെ ജി പരമേശ്വരന്‍ പിളളയോടുളള ആദരസൂചകമായി 1944 ല്‍ സ്ഥാപിച്ചതാണ് ഈ മണിമേട. മികച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യസേവാ നിരത എന്ന് സര്‍ സി പി രാമസ്വാമി അയ്യര്‍ വിശേഷിപ്പിച്ച വ്യക്തിയാണ് പരമേശ്വരന്‍പിള്ള. അദ്ദേഹത്തിന്റെ പേരില്‍ നഗരത്തിന്റെ അന്തസുയര്‍ത്തി നില്‍ക്കുന്ന മണിമേട നഗരവാസികള്‍ക്കും അഭിമാന സ്തംഭമാണ്. റിസ്റ്റ് വാച്ചുകള്‍ ആഡംബരമായിരുന്ന കാലത്ത് കൊല്ലം നഗരം ഉണര്‍ന്നിരുന്നത് ചിന്നക്കട ക്ലോക്ക് ടവറിലെ ഈ മണിയൊച്ച കേട്ടായിരുന്നു.
റെയില്‍വെ സ്റ്റേഷന് സമീപത്തായി ദേശീയപാത 544ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന മണിമേട കൊല്ലം ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.
1941ല്‍ നിര്‍മാണമാരംഭിച്ച ഈ ഗോപുരം, 1944ലോടെ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്ലോക്ക് ടവറുകളില്‍ ഒന്നായ ഇതിന്റെ നിര്‍മാണത്തിന് ചുടുകട്ടകളും വൈറ്റ് സിമന്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിലുപയോഗിച്ച നാല് വലിയ ശിലകള്‍ കൊല്‍ക്കൊത്തയില്‍ നിന്നാണ് കൊണ്ടു വന്നത്.
നഗരവാസികളെ സമയമറിയിച്ച് കാലം ഏല്‍പ്പിച്ച കടമ നിറവേറ്റിയ ക്ലോക്ക് ടവര്‍ സ്ഥാപിച്ചിട്ട് 70 വര്‍ഷമായി. അതിവേഗം മുന്നേറുന്ന കാലത്തിനൊപ്പമെത്താന്‍ പഴക്കമേറിയ മണിമേട നവീകരിക്കുന്നതിലൂടെ സാധ്യമാവും.

Latest