Connect with us

Kollam

കെണിയില്‍ കുടുങ്ങാതെ പുലികള്‍; ഭീതിയൊഴിയാതെ മലയോരം

Published

|

Last Updated

തെന്മല: കാടിറങ്ങി വരുന്ന പുലികള്‍ വളര്‍ത്തുമൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ കിഴക്കന്‍ മലയോരഗ്രാമങ്ങള്‍ പുലിഭീതിയില്‍. തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നെങ്കിലും ഒരു പുലിയെപ്പോലും കെണിയില്‍ വീഴ്ത്താന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനവാസമേഖലകളിലാണ് പുലികളിറങ്ങുന്നത്.
കഴിഞ്ഞദിവസം വൈകിട്ട് നാഗമലയില്‍ മുരുകന്റെ പശുവിനെ പുലി പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മൂന്ന് വയസുള്ള പശുവിന്റെ തലയിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയതോടെ പുലി ഓടിമറഞ്ഞു. രണ്ടാഴ്ച മുമ്പ് തകരപ്പുരയില്‍ നാട്ടുകാരുടെ കണ്‍മുന്നില്‍നിന്ന് പുലി പശുവിനെ പിടികൂടി കൊണ്ടുപോയിരുന്നു.
തെന്മല, ഉറുകുന്ന്, വെഞ്ച്വര്‍, രാജാചോല, ഒറ്റക്കല്‍, ഇടപ്പാളയം, ആര്യങ്കാവ്, കോട്ടവാസല്‍, അമ്പനാട് എന്നിവിടങ്ങളിലെല്ലാം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് നിത്യ സംഭവമായിരിക്കുകയാണ്.പുനലൂര്‍ ചെങ്കോട്ട പാതയില്‍ ഗേജ്മാറ്റത്തിനായി തീവണ്ടി സര്‍വീസ് നിര്‍ത്തിയതോടെ തീവണ്ടിപ്പാളം മുറിച്ച് കാടുകളില്‍നിന്ന് പുലികള്‍ ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാഗമലയടക്കം ഉള്‍ഗ്രാമങ്ങളില്‍ തീവണ്ടി സര്‍വീസ് നിര്‍ത്തിയതും പുലിയിറങ്ങുന്നതും തമ്മില്‍ ബന്ധമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അഞ്ചുവര്‍ഷത്തിനിടെ നാനൂറില്‍പ്പരം വളര്‍ത്തുമൃഗങ്ങളെ പുലി പിടികൂടിയതായി ഗ്രാമവാസികള്‍ പറയുമ്പോഴും മലയോരത്ത് ഒരിടത്തെങ്കിലും പുലിയിറങ്ങിയതായി വനംവകുപ്പ് സമ്മതിച്ചു തരില്ല.
എന്നാല്‍ പുലിയെ വീഴ്ത്താന്‍ കൂടുകള്‍ വനംവകുപ്പ് സ്ഥാപിച്ചെങ്കിലും അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. പുലിയെ ആകര്‍ഷിക്കാന്‍ കൂടുകളില്‍ കെട്ടിയിട്ടിരുന്ന പട്ടികള്‍ പട്ടിണി കിടന്ന് ചത്തത് മാത്രം മിച്ചം. കാട്ടുജീവികളുടെ ശല്യം പെരുകിയതോടെ രാജത്തോട്ടമടക്കം ഉള്‍ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറികൊണ്ടിരിക്കുകയാണ്.

Latest