Connect with us

Gulf

കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഭീഷണിയായി ദുബൈയില്‍ ജെല്ലി ഫിഷുകള്‍

Published

|

Last Updated

ദുബൈ: നഗരത്തിലെ പ്രധാന ബീച്ചായ ജുമൈറയില്‍ ഉള്‍പ്പെടെ കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഭീഷണിയാവുകയാണ് ജെല്ലി ഫിഷുകള്‍. ജുമൈറയിലാണ് ഇവയുടെ സാന്നിധ്യം കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. ജുമൈറയില്‍ കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് ജെല്ലി ഫിഷില്‍ നിന്നു കുത്തേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടുന്ന സ്ഥിതിയാണുള്ളത്. ഇവയുടെ മുള്ള് കൊണ്ടാല്‍ അസഹ്യമായ വേദനയാണെന്ന് അനുഭവസ്ഥരില്‍ ഒരാളും ജുമൈറയിലെ താമസക്കാരനുമായ ലിത്ത്‌ഗോ വ്യക്തമാക്കി. വൈദ്യുതി പ്രവഹിക്കുന്ന വേലിക്ക് മുകളില്‍ നീന്തുന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ലിത്ത്‌ഗോ വിശദീകരിച്ചു.
ജെല്ലി ഫിഷുകളുടെ മുള്ളുകൊണ്ടാല്‍ അലര്‍ജിയുണ്ടാവുന്നവര്‍ കടലില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് എമിറേറ്റ്‌സ് ഡൈവിംഗ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹീം അല്‍ സുഊദി അഭ്യര്‍ഥിച്ചു.
മൂന്നു തരത്തിലുള്ള ജെല്ലിഫിഷുകളാണ് ദുബൈയുടെ തീരക്കടലില്‍ സാധാരണയായി കണ്ടു വരുന്നത്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ബ്ലൂ ബ്ലബ്ബര്‍ ജെല്ലിഫിഷുകളുടെ കാലം, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നെറ്റില്‍ ജെല്ലിഫിഷുകളാണ് തീരക്കടലിലേക്ക് എത്തുക. തലകീഴായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് മൂന്നാമത്തെ ഇനമെന്നും ഇബ്രാഹീം വിശദീകരിച്ചു. ഇതിന് മുമ്പ് 2008ലായിരുന്നു ജെല്ലിഫിഷുകള്‍ കൂടുതലായി തീരക്കടലില്‍ കാണപ്പെട്ടത്. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് വീണ്ടും ഇവ കൂടിയ തോതില്‍ തീരക്കടലില്‍ എത്താന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധരുടെ അനുമാനം.

 

Latest