Connect with us

Malappuram

ലഹരിമുക്ത ഗ്രാമം പദ്ധതിക്ക് കാളികാവ് പഞ്ചായത്തില്‍ തുടക്കം

Published

|

Last Updated

കാളികാവ്: കാളികാവ് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പൂര്‍ണമായും ലഹരി മുക്തമാക്കുക എന്ന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി പഞ്ചായത്ത് തലത്തില്‍ സംഘാടക സമിതി രൂപവത്കരിച്ചു.
ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പ്, കാളികാവ് പോലീസ്, എക്‌സൈസ് വകുപ്പുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാളികാവിലെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, വിവിധ മത സംഘടനാ നേതാക്കള്‍, യുവജന സംഘടനാ നേതാക്കള്‍, വിവധ ക്ലബ്ബ് പ്രവര്‍ത്തകര്‍, എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ മൂസ അധ്യക്ഷത വഹിച്ചു. വാര്‍ഡ് തലത്തില്‍ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി മുക്ത ക്യാമ്പയിന്‍ സംഘടിപ്പിക്കുക.
സര്‍വെ നടത്തി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുക, ഗൃഹസന്ദര്‍ശനം നടത്തി ലഹരിക്കെതിരെ ബോധവത്കരണം നടത്തുക, വാഹന പ്രചരണം സംഘടിപ്പിക്കുക, പ്രത്യേക യോഗങ്ങളും ക്ലാസുകളും സംഘടിപ്പിക്കുക. എന്നിങ്ങനെയാണ് പദ്ധതികള്‍ ആസൂത്രണം നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ സംഘാടക സമിതികള്‍ ചേരുന്നതിന് തീയതി തീരുമാനിച്ചിട്ടുണ്ട്.
ലഹരിമുക്തഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ചെയര്‍മാനും കാളികാവ് സി എച്ച്് സി മെഡക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി യു മുഹമ്മദ് നജീബ് കണ്‍വീനറുമായി പഞ്ചായത്ത് തല സംഘാടക സമിതി രൂപവത്കരിച്ചു.