Connect with us

Palakkad

നിര്‍ഭാഗ്യം വേട്ടയാടുന്ന ജീവിതവുമായി ഗോവിന്ദനും കുടുംബവും

Published

|

Last Updated

പട്ടാമ്പി: ഭാഗ്യം വിറ്റാണ് ജീവിതമെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുന്ന ദുരിതജിവിതത്തിന്റെ കഥകളാണ് നടുവട്ടം തെക്കുമ്മല പാലയ്ക്കാപറമ്പില്‍ ഗോവിന്ദനും കുടുംബത്തിനും പറയാനുള്ളത്. പൂര്‍ണ്ണമായും അന്ധനായ ഗോവിന്ദന്‍ ജപ്തിനോട്ടീസ് വന്നതോടെ ഈ നിര്‍ധന കുടുംബം പെരുവഴിയിലായി. ഇളയമകളെ കെട്ടിച്ചയക്കുന്നതിനാണ് കൊപ്പം സഹകരണ ബേങ്കില്‍ നിന്നും കാല്‍ലക്ഷം രൂപ വായ്പ എടുത്തത്. എന്നെങ്കിലും ഭാഗ്യദേവത തന്നെ തേടിവരാതിരിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അത്.
ഭാര്യ സരോജിനിയുടെ സഹായത്തോടെ ലോട്ടറി വില്‍പ്പന നടത്തിയാണ് ഗോവിന്ദന്റ ഉപജീവനം. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന ദമ്പതികള്‍ ഉച്ചയോടെ വീട്ടില്‍ മടങ്ങിയെത്തും. ഏറെ പ്രയാസപ്പെട്ട് മൂത്ത മകള്‍ സംഗീതയെ വിവാഹം ചെയ്തയച്ചെങ്കിലും ഇളയ മകള്‍ സവിതയെ കല്യാണം ചെയ്ത് കൊടുക്കാന്‍ മറ്റുമാര്‍ഗമില്ലാതെ വന്നതോടെയാണ് കൊപ്പം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 25, 000 രൂപ വായ്പയെടുത്തത്. പഞ്ചായത്തിന്റ സഹായത്തോടെ സ്വന്തമായി വീട് നിര്‍മിച്ചെങ്കിലും പണമില്ലാത്തതിനാല്‍ പാതി വഴിയില്‍ പണി ഉപേക്ഷിച്ചാണ് ബേങ്ക് വായ്പയെടുത്ത് ഇളയമകളുടെ വിവാഹത്തിലേക്ക് തിരിഞ്ഞത്.
ലോട്ടറി വില്‍പ്പന നടത്തി കിട്ടുന്ന 150 രൂപയാണ് കുടുംബത്തിന്റ ആകെയുള്ള വരുമാനം. മാസം തികയുമ്പോള്‍ 700 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടെങ്കിലും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റ നിത്യജീവിതത്തിന് തികയില്ല. ഏഴ് വര്‍ഷം മുന്‍പെടുത്ത വായ്പയില്‍ ഒരണ പോലും തിരിച്ചടയ്ക്കാന്‍ ഗോവിന്ദന് കഴിഞ്ഞിട്ടില്ല. അവധി തെറ്റി ജപ്തി നോട്ടീസ് വന്നതോടെ മനമുരുകി കഴിയുകയാണ് ഗോവിന്ദന്‍.15 ദിവസത്തിനകം പലിശ ഉള്‍പ്പെടെ 46,972 രൂപ തിരിച്ചടച്ചില്ലെങ്കില്‍ അഞ്ച് സെന്റ് ഭൂമിയും കിടപ്പാടവും ലേലം ചെയ്യുമെന്നാണ് ഗോവിന്ദന്റ വീട്ടുചുമരില്‍ ബേങ്ക് അധികൃതര്‍ പതിച്ച നോട്ടീസിലുള്ളത്. ജപ്തി നോട്ടീസ് ലഭിച്ച് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ മനമുരുകി കഴിയുമ്പോഴും ഭാര്യ സരോജിനിയുമൊത്ത് ഗോവിന്ദന്‍ വീട്ടില്‍ നിന്നിറങ്ങും. നാളത്തെ ഭാഗ്യവാന്മാരെ തേടി. അല്ലാതെന്ത് ചെയ്യും ഈ അന്ധ ദമ്പതികള്‍ ?