Connect with us

Wayanad

പാരിസണ്‍സിന്റെ അഞ്ച് എസ്റ്റേറ്റുകളിലെ തോട്ടം തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ല

Published

|

Last Updated

മാനന്തവാടി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തോട്ടം തൊഴിലാളികള്‍ക്ക് എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ശമ്പളം നല്‍കിയില്ല. പാരിസണ്‍സ് ഗ്രൂപ്പിന്റെ അഞ്ച് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് ഇന്ന് ശമ്പളം നല്‍കാതിരുന്നത്്.
തേറ്റമല,തലപ്പുഴ, ജെസി, ചിറക്കര, പിലാക്കാവ് എസ്റ്റേറ്റുകളിലെ ആയിരത്തലധികം തൊഴിലാളികള്‍ക്കാണ് ഇന്നലെ ശമ്പളം മുടങ്ങിയത്. സാധാരണ ഗതിയില്‍ എല്ലാ മാസം 10-ാം തീയതിയാണ് ശമ്പളം നല്‍കാറ്. തേയിലയുടെ വിലയിടിവ് കാരണം കമ്പനി സാമ്പത്തിക നഷ്ടത്തിലാണെന്നാണ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കിയ വിശദീകരണം. 14ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ല.
ഇന്നലെ വൈകിട്ടോടെയാണ് ശമ്പളം ഇല്ലാത്ത വിവരം തൊഴിലാളികള്‍ അറിയുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ജോലി തുടങ്ങുന്നതിന് മുമ്പ് എല്ലാ എസ്റ്റേറ്റുകളിലും സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ എസ്റ്റേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. നിലവില്‍ തൊഴിലാളികളുടെ ബോണസ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ബോണസ് വിഷയം അടുത്ത മാസം ചര്‍ച്ചക്ക് എടുക്കാനിരിക്കെ കമ്പനി നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള തന്ത്രമാണ് ശമ്പളം വൈകിപ്പിച്ചതിന് കാരണമെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.