Connect with us

Ongoing News

ഗൈല്‍ കോട്ട കോണി കയറിയ കാഴ്ചകള്‍

Published

|

Last Updated

DSC_3695അയ്യായിരത്തിലധികം വര്‍ഷങ്ങളുടെ കഥ പറയുന്ന ചരിത്ര സമ്പന്നമായ പ്രദേശമാണ് കല്‍ബ. ഷാര്‍ജ എമിറേറ്റിന്റെ ഭാഗമായ ഈ കൊച്ചു പട്ടണം കിഴക്കന്‍ തീരത്ത് ഗള്‍ഫ് ഓഫ് ഒമാന്റെ അതിര്‍ത്തി നിര്‍ണയിച്ചു കിടക്കുന്നു. അല്‍ ഹജ്ര് മലമ്പ്രദേശം കടന്ന് കല്‍ബയിലെത്തുമ്പോള്‍ ഓരോ സഞ്ചാരിയേയും മനസു കളിര്‍ക്കുന്ന കാഴ്ചകള്‍ എതിരേല്‍ക്കും.

കുന്നുകളും അഴിമുഖവും കടല്‍ത്തീരവും കണ്ടല്‍ക്കാടുകളുമാണ് ഈ  ദേശത്തിന്റെ പ്രത്യേകത, കടല്‍ത്തീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സാമാന്യം നല്ലരീതിയിലാണ് കണ്ടല്‍ വളര്‍ന്നു നില്‍ക്കുന്നത്. കല്‍ബ പട്ടണത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗൈല്‍ കോട്ട സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഗൈല്‍ കോട്ടക്ക്. കല്‍ബയിലെ കുന്നില്‍ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ട മനോഹരമായി സംരക്ഷിക്കപ്പെട്ടു പോരുന്നു. കോട്ടയിലേക്കുള്ള കവാടം കടന്നാല്‍ വിശാലമായ, നന്നായി പരിചരിക്കപ്പെട്ട അകത്തളത്തേക്കാണെത്തുക. വലിയ ഒരു ഗോപുരത്തിനു രണ്ടു വശത്തേക്കുമായി ഏതാനും മുറികള്‍. ഗോപുരത്തിലേക്ക് കയറാന്‍ മരം കൊണ്ടുള്ള ഗോവണി. അകത്ത് നിരവധി കിളിവാതിലുകള്‍. ഈ കിളി വാതിലുകളിലൂടെ കിഴക്കന്‍ തീരത്തിന്റെ വശ്യമനോഹാരിത നന്നായി ആസ്വദിക്കാനാവും. പരമ്പരാഗത ആയുധങ്ങളടക്കം സൂക്ഷിക്കുന്ന മുറി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്.

വിവിധ തരം കത്തികളും കഠാരകളും തോക്കുകളും സൂക്ഷിച്ചിരിക്കുകയാണിവിടെ. മലമുകളിലെ നിര്‍മിതികള്‍ ആളുകളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും. അതു കൊണ്ടു തന്നെയാണ് ഇവിടേക്ക് സഞ്ചാരികള്‍ വിടാതെ വന്നുകൊണ്ടിരിക്കുന്നതും. ആഘോഷ ദിവസങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് കല്‍ബയും ഗൈല്‍ കോട്ടയും തേടിയെത്തുന്നത്.  ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന പല കഥകളുമാണ് കോട്ടകള്‍ക്ക് പറയാനുണ്ടാവുക.

ശത്രുക്കളെ തുരത്തിയോടിച്ച അത്തരം നിരവധി കഥകള്‍ പറയുന്നുണ്ട് ഗൈല്‍ കോട്ടയും. നിരീക്ഷണ ഗോപുരത്തിലെ കിളിവാതിലിലെ പാറാവുകാര്‍ നല്‍കുന്ന സന്ദേശത്തിനനുസരിച്ച് സൈനികര്‍ ജാഗരൂകരായി ജനതയെ സംരക്ഷിച്ച കഥകള്‍. റാന്തല്‍ വിളക്കില്‍ സി എഫ് എല്‍ ബള്‍ബുകള്‍ പിടിപ്പിച്ച് മോടികൂട്ടി പ്രകാശം പരത്തുന്ന ഗൈല്‍ കോട്ട ഉയര്‍ത്തുന്നത് പഴമയുടെ സൗരഭ്യം. അതത്രെ പുതുതലമുറക്ക് ഹൃദയ ഹാരിയായതും.

---- facebook comment plugin here -----

Latest