Connect with us

Kozhikode

ഉമ്മയെ ചികിത്സിക്കാന്‍ സബിതയും മുഹമ്മദ് റാഫിയും പഠനം നിര്‍ത്തുന്നു

Published

|

Last Updated

കോഴിക്കോട്: കടുത്ത ജീവിതഭാരം പാഠഭാഗമാക്കി സബിതയും മുഹമ്മദ് റാഫിയും സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നു. പാലക്കാട് പോത്തംപാടം മുതലമട നിലാവുന്നീസയുടെ മക്കളാണ് ഇരുവരും. നിലാവുന്നീസക്ക് കിഡ്‌നി രോഗം പിടിപെട്ടതോടെയാണ് ദൈനംദിനം ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തെ ദാരിദ്ര്യം വീണ്ടും വരിഞ്ഞുമുറുക്കിയതും കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്ന അവസ്ഥയിലായതും. പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെയാണ് നിലാവുന്നീസയും രണ്ട് മക്കളും ദാരിദ്ര്യത്തിലകപ്പെട്ടത്. നിത്യജീവിതത്തിന് ബന്ധുക്കളും നാട്ടുകാരും നല്‍കുന്ന ഭക്ഷണ സാധനങ്ങളും സാമ്പത്തികവുമാണ് ആശ്രയം. ജീവിതം പ്രയാസത്തോടെ തള്ളിനീക്കുന്നതിനിടക്കാണ് രണ്ട് വര്‍ഷം മുമ്പ് നിലാവുന്നീസ കിഡ്‌നി രോഗിയായത്. കടുത്ത ഛര്‍ദ്ദിയും പനിയും ബാധിച്ച് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ രോഗം സ്ഥിരീകരിച്ചു. പിന്നെ, ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൂന്ന് മാസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നിലാവുന്നീസ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയയാകുകയാണ്. ഉമ്മയെ ഇടവും വലവുമിരുന്ന് ശുശ്രൂഷിക്കുന്നത് മക്കളായ സബിതയും മുഹമ്മദ് റാഫിയുമാണ്. ചികിത്സക്കാവശ്യമായ പണം സംഘടിപ്പിക്കുന്നതും സഹൃദയരോട് ചോദിച്ച് ഭക്ഷണം ലഭ്യമാക്കുന്നതും ചികിത്സയെക്കുറിച്ച് ഡോക്ടര്‍മാരോട് സംസാരിക്കുന്നതുമെല്ലാം രണ്ട് വിദ്യാര്‍ഥികളാണ്. പഠനമോ ഉമ്മയോ വേണ്ടതെന്ന ചോദ്യത്തില്‍ പകച്ചു നില്‍ക്കുന്ന സബിതയും മുഹമ്മദ് റാഫിയും പഠനം ഉപേക്ഷിച്ച് ഉമ്മയെ പരിചരിക്കുകയാണിപ്പോള്‍. പാലക്കാട് ചുള്ളിയാര്‍മാടം സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് 75 ശതമാനത്തോളം മാര്‍ക്ക് വാങ്ങിയാണ് സബിത ഉപരിപഠനത്തിന് അര്‍ഹത നേടിയത്. മുഹമ്മദ് റാഫി ഇതേ സ്‌കൂളില്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ 207ാം നമ്പര്‍ മുറിയിലാണ് നിലാവുന്നീസയും മക്കളും കഴിയുന്നത്.

SBI ACCONT NO-34075613859 NILAVARNEESA.M IFC CODE-11928, muthalamada branch, CONTACT NO-FASIL RAHMAN-9747287737