Connect with us

International

വിദ്യാര്‍ഥികളുടെ തിരോധാനം: മെക്‌സിക്കോയില്‍ വന്‍ പ്രതിഷേധം

Published

|

Last Updated

മെക്‌സിക്കോ സിറ്റി: 43 വിദ്യാര്‍ഥികളുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ മെക്‌സിക്കോ സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
കലാപം രൂക്ഷമായ ഗുറീറോയില്‍ നിന്ന് കഴിഞ്ഞ സെപ്തംബര്‍ 26 നാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇവരെ പോലീസുകാരുടെ പിന്തുണയോടെ അക്രമികള്‍ കൊലപ്പെടുത്തിയതാകാം എന്ന് സൂചനയുണ്ട്. ഗുറീറോയിലെ നഗരമായ ഇഗ്വാലയില്‍ ഒരു വലിയ ശവക്കുഴിയില്‍ നിന്ന് 28 ജീര്‍ണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വിദ്യാര്‍ഥികളുടേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
17 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് കലാപകാരികളില്‍ കസ്റ്റഡിയിലായ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. കലാപം തടയാനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
കര്‍ശന നടപടിക്ക് സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ലെങ്കില്‍ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മാതാപിതാക്കളും റാലിയില്‍ പങ്കെടുത്തു. “ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ” എന്ന ബാനറുകളുയര്‍ത്തിയാണ് അവര്‍ പ്രകടനം നടത്തിയത്. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.