Connect with us

Gulf

ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന് 12ന് തുടക്കമാവും

Published

|

Last Updated

ദുബൈ: ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന് 12(ഞായര്‍)ന് തുടക്കമാവും. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് 12 മുതല്‍ 16 വരെ ജൈറ്റെക്‌സ് ടെക്‌നോളജി വീക്ക് നടക്കുക. വേള്‍ഡ് ട്രേഡ് സെന്ററിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള ഹാളുകളിലും ഒപ്പം ശൈഖ് റാശിദ് ഹാള്‍, ശൈഖ് സഈദ് ഹാള്‍ 1, ശൈഖ് സഈദ് ഹാള്‍ 2, ശൈഖ് സഈദ് ഹാള്‍ 3, സബീല്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് ടെക്‌നോളജി വീക്ക് അരങ്ങേറുക. ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന്റെ 34ാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുക. 140 രാജ്യങ്ങളില്‍ നിന്നായി 1.35 ലക്ഷം സന്ദര്‍ശകരെ ജൈറ്റെക്‌സ് മേള ആഘര്‍ഷിക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും മധ്യപൗരസ്ത്യദേശം, ആഫ്രിക്ക, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്നാവും കൂടുതല്‍ പേര്‍ ജൈറ്റെക്‌സ് ടെക്‌നോളജി വീക്കില്‍ എത്തുക.
പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുന്ന ലോകത്തിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യ മേളകൂടിയാണിത്. 3,500 കമ്പനികളാവും ദുബൈയിലേക്ക് ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിനായി എത്തുക.
25,000 സി ലെവല്‍ എക്‌സിക്യൂട്ടീവുകള്‍ ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഓരോ ഉത്പന്നത്തിന്റെയും മേന്മകള്‍ വിശദീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാവും ഇവര്‍ മേളയില്‍ പങ്കെടുക്കുക. 120 ടെക്‌നോളജി വിദഗ്ധരും വീക്കിന്റെ ഭാഗമാവും. ഇവര്‍ ജൈറ്റെക്‌സ് കോണ്‍ഫറന്‍സുകളില്‍ അതിസങ്കീര്‍ണമായ സാങ്കേതികവിദ്യകളെക്കുറിച്ച് സംസാരിക്കും. 1,500 ഓളം ബിസിനസ് ഡിസിഷന്‍ മെയ്‌ക്കേഴ്‌സും മേളയുടെ ഭാഗമാവും.
ത്രിഡി ടെലികോം ലിമിറ്റഡ്, ത്രിറോം, എയ്‌സ് മാര്‍ക്കറ്റിംഗ്, അകോണ്‍ ടെലികോം, എയര്‍ടൈറ്റ്, അക്ഷ് ടെക്‌നോളജീസ് ലിമിറ്റഡ്, അല്‍ ഹജ്ദിയാഹ്, അല്‍കാടെല്‍-ലൂസെന്റ്, എ എസ് സി ടെലികോം എജി, അവനിര്‍ ടെലികോം തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിന്റെ ഭാഗമാവും. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ അധികം മാധ്യമ പ്രവര്‍ത്തകരും ജൈറ്റെക്‌സ് ടെക്‌നോളജി വീക്ക് കവര്‍ ചെയ്യാന്‍ ദുബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest