Connect with us

Gulf

യുവതിയെയും കുഞ്ഞിനെയും വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു കടന്നയാളെ പോലീസ് തിരിച്ചെത്തിച്ചു

Published

|

Last Updated

ദുബൈ: കുടുംബങ്ങളറിയാതെ, പ്രണയിച്ച് കല്യാണം കഴിച്ച് യുവതിയെയും അഞ്ച് മാസം മാത്രം പ്രായമായ കുഞ്ഞിനെയും ദുബൈ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ദുബൈ പോലീസ് തിരിച്ചെത്തിച്ചു. ഭാര്യയുടെയും കുഞ്ഞിന്റെയും പൂര്‍ണ സംരക്ഷണം ഏറ്റെടുക്കാമെന്ന് എഴുതിനല്‍കിയ ശേഷം യുവാവിന് ഭാര്യയെയും കുഞ്ഞിനെയും അധികൃതര്‍ കൈമാറി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഷ്യന്‍ വംശജനായ യുവാവ് യൂറോപ്യന്‍ പൗരത്വമുള്ള പാക് വംശജയായ യുവതിയെയും അഞ്ച് വയസുള്ള കുഞ്ഞിനെയും വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവം സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചുവരാമെന്ന് പറഞ്ഞ് 32 കാരനായ ഭര്‍ത്താവ് മുങ്ങുകയായിരുന്നു. രണ്ടു ദിവസം ഭക്ഷണവും മറ്റും ലഭിക്കാത്തതിനാല്‍ യുവതിയും കുഞ്ഞും അവശരായിരുന്നു.
ഇവരുടെ കാര്യത്തില്‍ അസ്വാഭാവികത തോന്നിയ ദുബൈ പോലീസ് തങ്ങള്‍ക്കു കീഴിലെ മനുഷ്യാവകാശ വിഭാഗത്തിലേക്ക് യുവതിയെയും കുഞ്ഞിനെയും മാറ്റുകയായിരുന്നു. നാട്ടിലേക്കു കടന്നുകളഞ്ഞ യുവാവിന്റെ ഒരു സുഹൃത്തിലൂടെ അയാളുടെ നാട്ടിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടാണ് ദുബൈയില്‍ തിരിച്ചെത്തിച്ചത്.
ചൊവ്വാഴ്ച ദുബൈയില്‍ തിരിച്ചെത്തിയ യുവാവ് ദുബൈ പോലീസിന്റെ മുമ്പില്‍ ഹാജരായി ക്ഷമാപണം നടത്തുകയായിരുന്നു. യുവതിയുമായുള്ള വാക്കുതര്‍ക്കവും അഭിപ്രായ ഭിന്നതയുമാണ് വിമാനത്താവളത്തില്‍ ഇവരെ ഉപേക്ഷിച്ചുപോകാന്‍ കാരണമെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ട് യുവാവ് പോലീസിന്റെ മുമ്പില്‍ നിഷേധിച്ചു. വീട്ടുകാരറിയാതെ പ്രണയിച്ച് കല്യാണം കഴിച്ചതിനാല്‍ പെട്ടെന്ന് യുവതിയെയും കുഞ്ഞിനെയുമായി വീട്ടിലെത്തിയാലുണ്ടായേക്കാവുന്ന കുടുംബ പ്രശ്‌നങ്ങളോര്‍ത്താണ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ഒരേസമയം ഭാര്യക്കു മുമ്പിലും ദുബൈ പോലീസിന്റെ മുമ്പിലും ഭാര്യയെയും കുഞ്ഞിനെയും പൂര്‍ണമായി സംരക്ഷിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയ ശേഷമാണ് യുവതിയെയും കുഞ്ഞിനെയും അവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ അപാര്‍ട്ടുമെന്റില്‍ നിന്ന് കൊണ്ടുവന്നു യുവാവിനെ തിരിച്ചേല്‍പ്പിച്ചത്.