Connect with us

Malappuram

അപകട മരണത്തില്‍ പ്രതിഷേധങ്ങള്‍ അണയുന്നില്ല; ബസ് ജീവനക്കാര്‍ക്ക് നാട്ടുകാരുടെ ബോധവത്കരണം

Published

|

Last Updated

ചങ്ങരംകുളം: സംസ്ഥാനപാതയില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ നേതൃത്വത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞ് നിര്‍ത്തുകയും ബസ്ജീവനക്കാര്‍ക്ക് ബോധവത്കരണം നടത്തുകയും റോഡ് സുരക്ഷയെകുറിച്ച് ലഘുലേഖകള്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ചങ്ങരംകുളം താടിപ്പടിയില്‍ സ്വകാര്യ ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയിലും നാട്ടുകാരുടെ നേതൃത്വത്തില്‍ ബസുകള്‍ തടഞ്ഞിരുന്നു.
സംസ്ഥാനപാതയില്‍ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പി ഡി പിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്ത് ഹൈവേ ഉപരോധം സംഘടിപ്പിച്ചു. അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചങ്ങരംകുളം എസ് ഐയെ തടഞ്ഞുവെക്കുകയും ചെയ്തു. പഞ്ചിംങ് കാര്യക്ഷമമാക്കുമെന്നും അമിതവേഗതയിലോടുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ് ഐ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.
സമീപകാലത്ത് സംസ്ഥാനപാതയില്‍ ചങ്ങരംകുളം മേലയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചിരുന്നു. കോലിക്കര, വളയംകുളം, താടിപ്പടി, ചിയ്യാനൂര്‍പാടം, പന്താവൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സ്ഥിരം അപകടമേഖലകളായിരിക്കുകയാണ്. പഞ്ചിങ് പുനരാരംഭിക്കുക, ആവശ്യമായ സിഗിനലുകള്‍ സ്ഥാപിക്കുക, ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരെ നിയമിക്കുക, അമിത വേഗതയില്‍ ഓടുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തുകയും മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഗതാഗത മന്ത്രി, ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു.