Connect with us

Articles

പ്രിന്‍സിപ്പല്‍ (പ്രതി) കൂട്ടില്‍

Published

|

Last Updated

യുവാവ് തീവണ്ടിയില്‍ ഇടിച്ചു കയറുന്നു. സീറ്റ് തരപ്പെടുത്തി, ബാഗ് മുകളിലേക്കിട്ട് ഒരൊറ്റ ഇരുത്തം. ക്ഷീണം കാരണം വെള്ളം കുടിക്കുമെന്നാണ് നമ്മള്‍ വിചാരിക്കുക. കിതപ്പാറ്റും മുമ്പേ പോക്കറ്റില്‍ നിന്ന് പണിയായുധം വലിച്ചെടുക്കുന്നു. പലക പോലെ മൊബൈല്‍ ഫോണ്‍. ചെവിയില്‍ സ്‌റ്റെതസ്‌കോപ്പ് തിരുകുന്നു. ഇയര്‍ ഫോണെന്ന് പറയുന്ന സാധനം. പരിശോധിക്കാന്‍ തുടങ്ങുകയാണ്.
കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ ആരൊക്കെ എന്തൊക്കെ കുന്ത്രാണ്ടങ്ങള്‍ ചെയ്തു വെച്ചു എന്നാണ് ചെക്കന്റെ ചെക്കിങ്. ആദ്യം ആപ്പിലാണ് ടിയാന്റെ മേച്ചില്‍ സ്ഥലം. പുതിയ പടങ്ങള്‍, സന്ദേശങ്ങള്‍ വല്ലതുമുണ്ടോ എന്നാണ് സെര്‍ച്ച്. നോക്കിയേ, അവന്റെ മുഖം മിന്നുകയും മങ്ങുകയും ചെയ്യുന്നല്ലോ…
തീവണ്ടി മുറിയിലെ സ്ഥിരം കാഴ്ചയാണിത്. അവര്‍ക്ക് ഈ ലോകത്തോട് യാതൊരു താത്പര്യവുമില്ല എന്ന മട്ട്. തീവണ്ടി ഓടിയാലെന്ത്, ഓട്ടം നിലച്ചാലെന്ത്. ഡീസല്‍ വില നിയന്ത്രണം എടുത്തു കളയുകയാണത്രേ. സിലിണ്ടര്‍ കുറക്കാനും പരിപാടിയുണ്ടെന്ന്. ഏയ് ഇതൊന്നും ടിയാനെ ബാധിക്കുന്നില്ല. സഹായ ഹസ്തവുമായി വരുന്നവരും ഇയാളെ നോക്കേണ്ടതില്ല. അത്രയ്ക്കും തിരക്കാണ്. ന്യുജനറേഷനാണ്.
കല്യാണ വീട്ടിലും മരണവീട്ടിലും നാലാള് കൂടുന്നിടത്തൊക്കെ ചെറുപ്പക്കാര്‍ തല താഴ്ത്തി ഇരിത്തമാണ്. ആപ്പിലും ഫെയ്‌സ് ബുക്കിലും കയറിയിറങ്ങി കളിയാണ്.
കോലം നോക്കണേ. തലയാകാം ആദ്യം. മുടിയുടെ കോലം. കോലം കെട്ടത്. ഇവനൊരു കോലന്‍. മുടിയുടെ പിന്നിലൊരു വാല്. വാലന്‍. ഈ കോവാലന്‍ ഏത് നാട്ടിലെന്ന് അത്ഭുതപ്പെടവേ, താടിയിലേക്കായി നോട്ടം. മീശയുടെ കാര്യം. ഒന്നൊന്നര മണിക്കൂര്‍ നേരത്തെ മിനുക്ക് പണിക്ക് ശേഷം ഇറങ്ങുന്നതിങ്ങനെയാണ്.
ലോക രാജ്യങ്ങളുടെ മാപ്പാണ് മുഖത്ത്. ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പ്യന്‍ യൂനിയനും അങ്ങനെ നീണ്ടു കിടക്കുകയല്ലേ…
ആരെങ്കിലും കുരങ്ങാ എന്ന് പറഞ്ഞാല്‍. പറയല്ലേ, കുരങ്ങുകള്‍ പ്രതിഷേധവുമായെത്തും.
വേഷവിധാനമോ? ബോഡി ഷെയ്പ്പിലാണ്. ആണേത് പെണ്ണേത് എന്ന് എഴുതി വെക്കേണ്ടി വരും. ഓട്ടംതുള്ളലുണ്ടോ? കത്തി, കരി വേഷങ്ങളാണ്. കിരാതമാകാം കഥ. അല്ലല്ലെന്തു കഥയിത് കഷ്ടമേ..!
അതാ അപ്പോള്‍ ആരുടെയോ വിളി.
“പട്ടിക്കൂട്ടില്‍ കുട്ടി കിടക്കുന്ന പടമുണ്ടോ, നിന്റെ ഫോണില്‍” എന്നാണ് മറു തല ചോദ്യം.
ഇല്ല മോനെ. കിട്ടിയാല്‍ എന്റെ ആപ്പിലേക്കയക്കുന്ന കാര്യം മറക്കല്ലേ, ഫെയ്‌സ് ബുക്കിലുമിട്ടേക്ക്!
“കുട്ടികളെ കൂട്ടിലാക്കുന്ന ഇത്തരം പ്രിന്‍സിപ്പല്‍മാരെയാണ് വേഗം കൂട്ടിലാക്കേണ്ടത്.” ഗൗരവാനന്ദന്‍ ചൂടായി.