Connect with us

Thrissur

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തി

Published

|

Last Updated

തൃശൂര്‍: സതേണ്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ജനറല്‍ മാനേജര്‍ രാകേഷ് മിശ്രക്കൊപ്പം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തി. വാര്‍ഷിക പരിശോധനയുടെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ച 18 കോച്ചുകളുള്ള ട്രെയിനില്‍ രാവിലെ 10.35 ഓടെയാണ് രാകേഷ്മിശ്രയും സംഘവും എത്തിയത്.
ട്രെയിന്‍ ഇറങ്ങിയ ഉദ്യോഗസ്ഥര്‍ നേരെ സ്‌റ്റേഷന്റെ വിവിധ മേഖലകളില്‍ പരിശോധന നടത്തി. കഴിഞ്ഞ ജൂണ്‍ 25ന് സന്ദര്‍ശനം നടത്തിയപ്പോള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ജനറല്‍ മാനേജര്‍ പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് കെട്ടിടവും റെയില്‍വേയുടെ പ്രധാന റോഡുകളും അദ്ദേഹം ആദ്യം പരിശോധിച്ചു. തുടര്‍ന്ന് ഒന്നാം പ്ലാറ്റ് ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുന്ന സ്ഥലത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നോക്കി കണ്ടു.
ഒപ്പം റെയില്‍വേ മേല്‍പാലത്തിന്റെ മേല്‍ക്കുര നിര്‍മാണവും നിരീക്ഷിച്ചു. നിര്‍ദ്ദേശത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കിയതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പിന്നീട് റെയില്‍വേ കോളനിയിലും തന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയോ എന്ന് അദ്ദേഹം പരിശോധിച്ചു. റെയില്‍വേ കോളനിയില്‍ കുട്ടികള്‍ക്കായി നിര്‍മിച്ച ഗാര്‍ഡന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇത് കൂടാതെ പാര്‍ക്കിംഗ് പരിസരവും കവാടവും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ സമരണക്കായി റെയില്‍വേ പരിസരത്ത് അദ്ദേഹം വൃക്ഷതൈ നട്ടു. ശുചിത്വ മാസാചരണത്തിന്റെ ഭാഗമായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ മുഖം മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളാണ് കഴിഞ്ഞ സന്ദര്‍ശനത്തില്‍ അദ്ദേഹം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായി പെയിന്റടിച്ച് മനോഹരമാക്കിയിരുന്നു. ഒപ്പം പരിസരം വൃത്തിയായി സൂക്ഷിക്കുവാനും നടപടി സ്വീകരിച്ചു. സ്‌റ്റേഷന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മുന്‍ ഭാഗത്തെ റോഡ് ഉയര്‍ത്തി നവീകരിച്ച ് ടാര്‍ ചെയ്തതതും അദ്ദേഹം നോക്കികണ്ടു. മുഖ്യ റോഡിലെ മുഴുവന്‍ കുഴികളും ഇല്ലാതാക്കി. മുന്‍ ഭാഗെത്ത കരിങ്കല്‍ ചുറ്റുമതില്‍ പെയിന്റടിച്ച് മനോഹരമാക്കിയതിലും സംതൃപതി രേഖപ്പെടുത്തി.
ആ ഭാഗത്ത് സ്‌പോണ്‍സര്‍ഷിപ്പോടെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഭീമന്‍ ചിത്രം അദ്ദേഹം നോക്കിക്കണ്ടു. റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള മുഖ്യ കവാടത്തിന് ഇരുവശവും മരങ്ങളിലുള്ള പക്ഷികളുടെ കാഷ്ടത്തിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കുന്നതിന്് അനുയോജ്യമായ സംവിധാനങ്ങള്‍ വേഗത്തില്‍ ഒരുക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളിലും അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ജനറല്‍ മാനേജറുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലും പരിശോധന നടന്നു. തുടര്‍ന്ന് സി എന്‍ ജയദേവന്‍ എം പിയെ സ്‌റ്റേഷന്‍ മാനജേറുടെ കാബിനില്‍ അദ്ദേഹം കണ്ടു. ജില്ലയിലെ റെയില്‍വേ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം എം പി അദ്ദേഹത്തിന്് കൈമാറി.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി പരിശോധന അനുഭവം പങ്കുവെച്ചു. ജനറല്‍ മാനേജര്‍ രാകേഷ് മിശ്രക്കൊപ്പം ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എസ്.അനന്തരാമന്‍, ചീഫ് സേഫ്റ്റി ഓഫീസര്‍ മനോജ്‌സേഥ്, ചീഫ് കോമേഴ്‌സല്‍ മാനേജര്‍ സരള ബാലഗോപാല്‍, ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ആര്‍ പി ബുധന്‍, ചീഫ് സിഗനല്‍ ആന്റ് ടെലി കമ്യൂണിക്കേഷന്‍ മാനേജര്‍ എസ് മനോഹര്‍, റെയില്‍വേ സേഫ്റ്റി കമീഷണര്‍ സതീശ്മിത്തല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ സുനില്‍ ബംജ്‌പേയി, ഡിവിഷനല്‍ ഓപ്പറേഷന്‍സ് മാനേജര്‍ അശോക്കുമാര്‍ ഏരിയ മാനേജര്‍ പി എല്‍ അശോക്കുമാര്‍, തൃശൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ നൈനാന്‍ജോസഫ് തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു. പരിശോധനക്ക് ശേഷം 11ഓടെ അടുത്ത സ്‌റ്റേഷനിലേക്ക് പോയി. തൃശൂര്‍ സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ പൂങ്കുന്നത്ത് നിര്‍മാണം നടക്കുന്ന റെയില്‍വേ മേല്‍പാലവും സംഘം പരിശോധിച്ചിരുന്നു.