Connect with us

Editorial

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Published

|

Last Updated

സര്‍ക്കാര്‍ പരസ്യങ്ങള്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശസ്തിക്കും പാര്‍ട്ടി താത്പര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരൊഴികെയുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ എന്‍ ആര്‍ മാധവമേനോന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച മാര്‍ഗ രേഖയില്‍ പറയുന്നു. പരസ്യങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ താത്പര്യം സംരക്ഷിക്കുന്നതായിരിക്കരുത്, വസ്തു നിഷ്ഠവും നിഷ്പക്ഷവുമായിരിക്കണം, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് നല്ലതും പ്രതിപക്ഷത്തെക്കുറിച്ച് മോശവുമായ പരാമര്‍ശങ്ങള്‍ അരുത്, സര്‍ക്കാറിന്റെ നിലവിലുള്ള നയം, പദ്ധതികള്‍, സേവനങ്ങള്‍, നടപടികള്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റമോ പുതുമയോ വരുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ പരസ്യം നല്‍കാവൂ തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
അധികാരത്തിലിരിക്കുന്ന നേതാക്കളെ മഹത്വവല്‍ക്കരിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയും തിരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയ നേതാക്കളുടെയും ചിത്രം ഉള്‍പ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിന്മേല്‍ കഴിഞ്ഞ ഏപ്രിലിലാണ് സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയമിച്ചത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ ഏതെല്ലാം സാഹചര്യത്തിലാണ് നല്‍കേണ്ടത്, പരസ്യം നല്‍കുമ്പോള്‍ മന്ത്രിമാരുടെയോ, രാഷ്ട്രീയ പ്രമുഖരുടെയോ ചിത്രങ്ങള്‍ അനുവദിക്കാമോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു മാര്‍ഗരേഖ തയ്യാറാക്കുകയായിരുന്നു സമിതിയുടെ ദൗത്യം. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളുടെ പ്രതിനിധികളായതിനാല്‍ പരസ്യങ്ങളില്‍ നിന്ന് ഇവരെ ഒഴിവാക്കാനാകില്ലെന്നായിരുന്നു ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ അന്ന് കോടതിയെ അറിയിച്ചിരുന്നത്. കോടതി ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കുകയുമുണ്ടായി.
ജന്മദിനത്തിലും തിരഞ്ഞെടുപ്പ് കാലത്തും ഭരണത്തിന്റെ നൂറാം നാളിലും വാര്‍ഷികത്തിലും മറ്റും മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ പൊതുഖജനാവില്‍ നിന്നു കോടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ധൂര്‍ത്തടിക്കുന്നത്. തിരഞ്ഞെടുപ്പടുത്താല്‍ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന, മന്ത്രിമാരുടെ ചിത്രങ്ങള്‍ സഹിതമുള്ള മുഴുപ്പേജ് പരസ്യങ്ങളാണ് മാധ്യമങ്ങള്‍ നിറയെ. പക്ഷപാതപരവും രാഷ്ട്രീയ നേതാക്കളുടെ പ്രശസ്തിയും ഭരിക്കുന്ന പാര്‍ട്ടികളുടെ നേട്ടവും ലക്ഷ്യമാക്കുന്നതുമാണ് ഈ പരസ്യങ്ങളിലേറെയും.
സര്‍ക്കാറിന്റെ ഏതൊരു പദ്ധതിയും മാധ്യമപ്പരസ്യത്തിന്റെ അകമ്പടിയോടെയാണ് ഇന്ന് നടപ്പാക്കുന്നത്. പല സര്‍ക്കാര്‍ പരിപാടികളുടേയും ചെലവിനേക്കാള്‍ അധികമാണ് അവയുടെ പരസ്യത്തിനായി വിനിയോഗിക്കുന്ന തുകയെന്ന് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ടെത്തുകയും തുടര്‍ന്ന് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളും പരസ്യങ്ങളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ആ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തി രാഷ്ട്രീയ ലാക്കോടെയുള്ള പരസ്യങ്ങള്‍ ഇപ്പോഴും നിരന്തരം പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്താണ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്ന പ്രവണതക്ക് തുടക്കം. “ഗരീബി ഹഠാവോ” മുദ്രാവാക്യമായി ഇന്ദിരാ ഗാന്ധിയുടെ മുഴുനീള ചിത്രത്തോടെയുള്ള പരസ്യങ്ങളായിരുന്നു 1971ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരീക്ഷിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ഈ പരസ്യം മികച്ച പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ഭരണത്തിലേറിയവരെല്ലാം ഈ മാതൃക പിന്തുടര്‍ന്നു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വിനിയോഗിക്കേണ്ട കോടികളാണ് ഇതിനായി ഓരോ സര്‍ക്കാറും ധൂര്‍ത്തടിക്കുന്നത്. 2004ല്‍ “ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി അന്ന് പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 500 കോടി രൂപയാണ്. നികുതിപ്പണം ഈ വിധം ദുര്‍വിനിയോഗം ചെയ്യുന്ന പ്രവണത ശക്തമായി തടയേണ്ടതാണ്. മാധവ മേനോന്‍ സമിതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ലക്ഷ്യത്തിലുള്ള നിയമനിര്‍മാണങ്ങളോ കോടതി ഉത്തരവോ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Latest