Connect with us

Palakkad

ഖസാക്കില്‍ ഞാറ്റുപുര നവീകരണം തുടങ്ങി

Published

|

Last Updated

പാലക്കാട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒ വി വിജയന്റെ പ്രശസ്ത നോവലായ ഖസാക്കിന്റെ ഇതിഹാസം പിറന്നുവീണ തസ്രാക്കിലെ ഞാറ്റുപുരയുടെ നവീകരണ ജോലികള്‍ പുനരാരംഭിച്ചു. ഞാറ്റുപുരയുടെ തനിമ ചോരാതെ പരമ്പരാഗത ശൈലിയില്‍ തന്നെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള പദ്ധതിയാണ് സംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്നത്.—
ഖസാക്കിന്റെ ഇതിഹാസം എന്ന വിഖ്യാത നോവലിലൂടെ പ്രശസ്തമായ നാടാണ് പാലക്കാട്ടെ തസ്രാക്കും ഇവിടുത്തെ ഞാറ്റുപുരയും അറബിക്കുളവും വിശാലമായ പാടവും കരിമ്പനകളുമെല്ലാം. ഈ ഞാറ്റുപുരയിലിരുന്നാണ് ഒ വി വിജയന്‍ ഇതിഹാസ തുല്യമായ നോവല്‍ രചിച്ചത്. അതുകൊണ്ടു തന്നെ ഖസാക്കിന്റെ ഇതിഹാസം പിറന്നുവീണ തസ്രാക്കിലെ ഞാറ്റുപുര സംരക്ഷിയ്ക്കാനുള്ള ഒരുക്കത്തിലാണ് സാംസ്‌ക്കാരിക വകുപ്പ്.
ഞാറ്റുപുരയുടെ പഴമയും തനിമയും ചോരാതെ രണ്ടുമാസം കൊണ്ട് നവീകരണ പ്രവൃത്തികള്‍പൂര്‍ത്തിയാക്കാനാണ് ഒവി വിജയന്‍ സ്മാരക സമിതിയുടെ തീരുമാനം.—ഞാറ്റുപുരയുടെ നവീകരണ ജോലികള്‍ ആരംഭിച്ചതോടെ തസ്രാക്കിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും സന്തോഷത്തിലാണ്. ഇതിന് പുറമെ തസ്രാക്കിലെ അറബിക്കുളവും കൂമന്‍കാവുമെല്ലാം സംരക്ഷിക്കാന്‍ സാസ്‌ക്കാരിക വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്.