Connect with us

Ongoing News

'അടുക്കളവാതില്‍ തുറന്നു കൊടുക്കുന്നതിലും ഭേദം ജാരനൊപ്പം ഉമ്മറവാതിലിലൂടെ ഇറങ്ങിപ്പോകുന്നത്'

Published

|

Last Updated

തിരുവനന്തപുരം: ശശി തരൂര്‍ എം പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. “പുരക്കുമീതെ ചാഞ്ഞാല്‍ പൊന്‍മരവും” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പേരെടുത്ത പറയാതെയാണ് തരൂരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മോദി പ്രശംസയുടെ പേരില്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. സ്വച്ഛ് ഭാരത് മിഷനില്‍ ചേരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം തരൂര്‍ സ്വീകരിച്ചതാണ് വിവാദത്തിനു കാരണമായത്.
അപ്പുറത്തെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരായത് കൊണ്ടാകാം ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനേക്കാള്‍ മ്ലേഛവും അശ്ലീലവുമാണു ജാരനുനേരെ കടക്കണ്ണെറിയുന്നത്. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഗാന്ധി ജയന്തി നാളിലെ ശുചീകരണവും ചില വിദേശകാര്യ പണ്ഡിതന്മാരുടെ മനസ്സിലിരുപ്പ് അനാവൃതമാക്കി. നരേന്ദ്രമോദിയുടെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പ്രസംഗത്തെ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തോടുപമിച്ച് മോദി ഫാന്‍സ് സംഘടനയില്‍ അംഗത്വമെടുക്കാന്‍ തിരക്കു കൂട്ടുന്നവരില്‍ തരൂരും ഉള്‍പ്പെടുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പേരുപറയാതെ വീക്ഷണം വിമര്‍ശിക്കുന്നു.
പൊന്‍മരമായാലും പുരക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണം; അല്ലെങ്കില്‍ കമ്പിയിട്ട് കെട്ടണം. ഒരു തിരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഇത്തരം വിശുദ്ധ പശുക്കള്‍ എത്രനാള്‍ കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകും. ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ വേനലും വറുതിയും കണ്ടു നിരാശരായ അവരെ ബി ജെ പി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാകാം. അനുകൂല കാലാവസ്ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയന്‍ കൊക്കുകള്‍ക്ക് ചില്ലയും കൂടും നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇവര്‍ വഞ്ചിക്കുന്നത്. വിദേശ പാണ്ഡിത്യത്തിന്റെ അവസാന വാക്ക് തങ്ങളാണെന്ന് ധരിക്കുന്ന ഇവര്‍ കോണ്‍ഗ്രസിലിരുന്ന് ബി ജെ പിയുടെ ക്യാമ്പസ് സെലക്ഷന് വേണ്ടി പരിശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും മുഖപത്രം പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പദവിയിലിരുന്ന് ജാരന് അടുക്കളവാതില്‍ തുറന്നു കൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങിപ്പോകുന്നതാണ്. ചാനല്‍ പ്രതികരണങ്ങളില്‍ നിഷ്പക്ഷതയുടെ മുഖം മൂടിയണിയുകയും ട്വീറ്റുകളിലൂടെ മോദിക്കുവേണ്ടി പ്രണയ ഗീതങ്ങള്‍ രചിക്കുകയും എഡിറ്റ് പേജുകളില്‍ മോദിക്കു മംഗളപത്രം എഴുതുകയും ചെയ്യുന്നവരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. കണിശതയുള്ള പ്രചാരവേലകളിലൂടെ കോണ്‍ഗ്രസിന്റെ ഭൂതകാല നന്മകളെ മായ്ക്കാനും ഭരണനേട്ടങ്ങളെ ഇകഴ്ത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ബി ജെ പി നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടവര്‍ പ്രശംസ ചൊരിയുന്നത് എത്രയേറെ വേദനാജനകമാണ്. പറ്റിയ പിഴവുകള്‍ തിരുത്തുന്നില്ലെങ്കില്‍ പുരനിറഞ്ഞു നില്‍ക്കുന്ന ഇത്തരക്കാരെ കെട്ടിച്ചയക്കുന്നതാവും ഉചിതമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
പാര്‍ട്ടി പരിമിതികള്‍ പാലിക്കാന്‍ ശശി തരൂര്‍ ബാധ്യസ്ഥനാണെന്ന് വീക്ഷണം ചീഫ് എഡിറ്റര്‍ എ സി ജോസ് ഇതു സംബന്ധിച്ച് പ്രതികരിച്ചു. പരിമിതികള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് തരൂരിനെതിരെ മുഖപ്രസംഗം എഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.