Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഡി ജി എം ഒ ചര്‍ച്ച പരാജയം

Published

|

Last Updated

ന്യൂഡല്‍ഹി: കരാര്‍ ലംഘിച്ച് അതിര്‍ത്തി ഗ്രാമങ്ങള്‍ക്കും ബി എസ് എഫ് ഔട്ട് പോസ്റ്റുകള്‍ക്കും നേരെ പാക്കിസ്ഥാന്‍ വെടിവെപ്പ് തുടരുന്നതിനിടെ ഇരു രാജ്യത്തെയും സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി ജി എം ഒ) ഹോട്ട്‌ലൈന്‍ വഴി നടത്തിയ ചര്‍ച്ചയില്‍ ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിക്കാനാകാതെ പിരിഞ്ഞു. അഞ്ച് മിനുട്ട് നേരമാണ് ചര്‍ച്ച നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ടെലിഫോണ്‍ വഴിയുള്ള ചര്‍ച്ചയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ഇത്തവണ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ ഇന്ത്യയില്‍ നിന്ന് ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും പാക്കിസ്ഥാന്‍ ഭാഗത്ത് നിന്ന് മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് സാധാരണ ഡി ജി എം ഒ ചര്‍ച്ചയില്‍ പങ്കെടുക്കുക.
അതേസമയം, അതിര്‍ത്തിയിലെ നാല്‍പ്പത് ബി എസ് എഫ് ഔട്ട്‌പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക് സൈന്യം ഇന്നലെയും മോര്‍ട്ടാര്‍ ആക്രമണം തുടര്‍ന്നു. ഗ്രാമ പ്രദേശങ്ങളില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് സാധാരണക്കാര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. ജമ്മു കാശ്മീരിലെ പൂഞ്ച്, കാനാചക്, അര്‍നിയ, പര്‍ഗ്‌വാള്‍, അഖ്‌നൂര്‍, ആര്‍ എസ് പുര സെക്ടറുകളിലെ ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്നലെ വെടിവെപ്പുണ്ടായത്. പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്നലെയും വെടിവെപ്പ് തുടര്‍ന്നത്. അതിര്‍ത്തിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള അര്‍ണിയ ടൗണ്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം ആക്രമണം നടത്തുന്നതെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു.
ഈ മാസം പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ബി എസ് എഫ് ജവാന്‍ ഉള്‍പ്പെടെ അമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാക് വെടിവെപ്പിനെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമായി 125 തവണയാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. ഇതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പതിനേഴ് തീവ്രവാദികളെ സൈന്യം വധിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഗസ്റ്റില്‍ നടന്ന ഡി ജി എം ഒമാരുടെ യോഗത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഫഌഗ് മീറ്റിംഗുകള്‍ ചേരാന്‍ ധാരണയായിരുന്നു.
പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടത്തേണ്ടിയിരുന്ന ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു.