Connect with us

Gulf

റാസല്‍ ഖൈമയില്‍ സഞ്ചാരികള്‍ക്ക് ഹരം പകരാന്‍ ഇനി റാക്ക് സൂ

Published

|

Last Updated

റാസല്‍ഖൈമ: യു എ യുടെ വടക്കന്‍ എമിറേറ്റ്‌സിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഇടയിലേക്ക് റാസല്‍ ഖൈമ മൃഗശാലയും. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് റാസല്‍ഖൈമയിലെ പ്രമുഖ മൃഗസ്‌നേഹിയും, പോലീസ് ജനറല്‍ കമാന്‍ഡറുമായ ജാസിം അലി നിര്‍മിച്ച മൃഗശാലയുടെ ആദ്യ ഘട്ടമാണ് കഴിഞ്ഞ മാസം 22ന് തുറന്ന് കൊടുത്തത്. യു എ യിലെ പല ആഘോഷങ്ങളിലും ജാസിം അലിയുടെ സിംഹവുമായും, പുലിയുമായും ഷോകള്‍ കാണാറുണ്ട്.
റാസല്‍ ഖൈമ എയര്‍പോര്‍ട്ട് റോഡിലെ ദിഗ്ദാഗ ഡയറി ഫാമിന് സമീപം 10 ലക്ഷം ചതുരശ്ര മീറ്ററില്‍ 60 ലക്ഷം ദിര്‍ഹം ചിലവഴിച്ചാണ് മൃഗശാലയുടെ ആദ്യ ഘട്ടം ഒരുക്കിയിരിക്കുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 1.5 കോടി ദിര്‍ഹം ചെലവഴിച്ച് രണ്ടാം ഘട്ടം പൂര്‍ത്തിയാകുമെന്നും,നിലവിലെ 40 ഇനം ജീവികളില്‍ നിന്നു 2000ന് മുകളില്‍ ഇനങ്ങളെ എത്തിക്കാനുമാണ് ജാസിം അലിയുടെ പ്രയത്‌നം
മൃഗശാലയുടെ മുന്‍വശത്തെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, കവാടം കടന്ന് വന്യമൃഗങ്ങളുടെ അടുത്തേക്കുള്ള വഴിയിലെ മതിലില്‍ യു എ യുടെ പൗരാണികതയെ സൂചിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങളും, മൃഗങ്ങളെ അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് മരങ്ങളുടെയും, പുല്ലുകളുടെയും ചിത്രങ്ങള്‍ നല്‍കിയതും കാഴ്ചക്ക് ഹരം പകരുന്നു. ഒട്ടകപക്ഷികള്‍, കഴുകന്‍, വെള്ളക്കടുവ, ചീറ്റപ്പുലി, കരിമ്പുലി, പുള്ളിപ്പുലി അറേബ്യന്‍ ചെന്നായ, ആഫ്രികന്‍ സിംഹം, വെള്ള സിംഹം, ഗോള്‍ഡന്‍ സിംഹം വിവിധ തരം മാനുകള്‍ എന്നിവയാണ് മൃഗശാലയിലെ പ്രധാന ജീവികള്‍. വ്യതസ്ത നിറത്തിലുള്ള പക്ഷികള്‍, മുയലുകള്‍, ചെറിയ ആമകള്‍, ചുവന്ന നിറത്തിലുള്ള വളര്‍ത്തു തവളകള്‍ എന്നിവ കാഴ്ചക്ക് നിറം പകരുന്നതോടൊപ്പം എല്ലാ മൃഗങ്ങളെയും വളരെ അടുത്ത് നിന്ന് കാണാനും, ഫോട്ടോ എടുക്കാനും കഴിയുമെന്നതാണ് റാക്ക് സൂവിന്റെ സവിശേഷത.
കുടുംബസമേതം മൃഗശാലയില്‍ എത്തുന്ന കുട്ടികള്‍ക്ക് പാര്‍ക്ക്, കുതിര സവാരി, കോഫീ ഷോപ്പ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നിസ്‌ക്കരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും സൂവിന് അകത്ത് ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം സ്വദേശികളും, വിദേശികളുമായ ആയിരങ്ങളാണ് വിശേഷാല്‍ ദിവസങ്ങളില്‍ ഇവിടെ എത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന സൂ സന്ദര്‍ശിക്കാന്‍ 20 ദിര്‍ഹമാണ് നല്‍കേണ്ടത്.
റാസല്‍ഖൈമയുടെ പര്‍വത പ്രവേശവും, അറേബ്യന്‍ കടല്‍ തീരവും സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി വന്യമൃഗങ്ങളെയും കണ്ട് മടങ്ങാം. എന്നാല്‍ കൂടുതല്‍ ഇനം ജീവികളെ ഉള്‍പ്പെടുത്തി സൂ വിപുലീകരണം വേണമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം.