Connect with us

Kozhikode

ധന്വന്തരി ട്രസ്റ്റ്: സംരക്ഷണ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: വടകരയില്‍ സൗജന്യ ഡയാലിസിസ് ലക്ഷ്യം വെച്ച് രൂപവത്കരിച്ച ധന്വന്തരി ട്രസ്റ്റ് പിരിച്ചെടുത്ത തുക സ്വകാര്യ സ്വത്താക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ധന്വന്തരി സംരക്ഷണ സമിതി രംഗത്ത്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ലാ പഞ്ചായത്തിന് മുന്നില്‍ ഈ മാസം 11ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി ധര്‍ണ നടത്തുമെന്ന് ധന്വന്തരി നിധി സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ പിന്തുണയോടെ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ സ്ഥാപക ട്രസ്റ്റിയായുള്ള ട്രസ്റ്റ് പിരിച്ചുവിട്ട് സൊസൈറ്റി്ക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സി പി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പിന്നീട് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
സി ഭാസ്‌കരന്‍ സ്ഥാപക ട്രസ്റ്റിയായി ട്രസ്റ്റ് രൂപവത്കരിക്കാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ ഗൂഢോദ്ദേശ്യം വിശദീകരിക്കാനുള്ള ബാധ്യത പാര്‍ട്ടി്ക്കുണ്ടെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 2013 ഒക്‌ടോബര്‍ 27ന് പൊതുസംരംഭമെന്ന നിലയില്‍ ജനങ്ങളില്‍ നിന്ന് ഫണ്ട് പിരിച്ച ശേഷം സി പി എം നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റുകയാണ് ചെയ്തത്. ഒരു യോഗം പോലും ചേരാതെ പിരിച്ചെടുത്ത മൂന്നര കോടിയിലേറെ രൂപ ഏകപക്ഷീയമായി ആറ് പേര്‍ ചേര്‍ന്ന് രൂപവത്കരിച്ച ആജീവനാന്ത ട്രസ്റ്റിമാരുടെ ട്രസ്റ്റിന്റെ പേരില്‍ ബേങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. 2013 ഒക്‌ടോബര്‍ 27ന് സി ഭാസ്‌കരന്‍ സ്ഥാപക ട്രസ്റ്റിയായി രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ സീഡിന് ഭേഗദതി വരുത്താന്‍ സി ഭാസ്‌കരനും മറ്റ് അഞ്ച് ട്രസ്റ്റിമാര്‍ക്കും മാത്രമേ അധികാരമുള്ളൂ. എന്നാല്‍ ട്രസ്റ്റിന്റെ സീഡിന് 2014 ആഗസ്റ്റ് 26ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല രജിസ്റ്റര്‍ ചെയ്ത ഭേദഗതി ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തോടെയാണെന്ന് കള്ളപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. 2014 ആഗസ്റ്റ് 26ന് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഭേദഗതിയുമായി ജില്ലാ പഞ്ചായത്ത് 2014 സെപ്തംബര്‍ 25ന് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചത് എന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. ട്രസ്റ്റിനെതിരെ സമരം നടത്തുമ്പോള്‍ ഡയാലിസിസ് സംവിധാനം തന്നെ നിന്നുപോകുമെന്ന് പ്രചരിപ്പിച്ച് രോഗികളുടെ ബന്ധുക്കളെ സമരസമിതിക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ട്രസ്റ്റ് ഭാരവാഹികള്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ വേണു, കൂടാളി അശോകന്‍, സി പി വിശ്വനാഥ്, പാറക്കല്‍ അബ്ദുല്ല, അങ്കത്തില്‍ അജയകുമാര്‍, എം വി കുഞ്ഞമ്പു പങ്കെടുത്തു.