Connect with us

Wayanad

ഈദിന്റെ ആത്മാവ് തൊട്ടറിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എസ് വൈ എസിന്റെ ബലിപെരുന്നാള്‍ ആഘോഷം

Published

|

Last Updated

മാനന്തവാടി: ദുര്‍ബലരെയും അശരണരെയും പരിഗണിക്കുക എന്ന ബലിപെരുന്നാളിന്റെ സന്ദേശം ഉള്‍ക്കൊണ്ട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നടന്ന ഈദ് സംഗമം ശ്രദ്ധേയമായി. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ക്കും കൂടെയുള്ളര്‍ക്കും പെരുന്നാള്‍ വിഭവങ്ങള്‍ എത്തിച്ചുകൊടുത്താണ് എസ് വൈ എസ് സാന്ത്വനം സെന്ററിനു കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകയായത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മാനന്തവാടി ഗവ. ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എസ് വൈ എസ് സാന്ത്വനം. നിലവില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച 160 വളണ്ടിയര്‍മാരാണ് രാത്രിയും പകലുമായി ഇവിടെ സേവനം ചെയ്യുന്നത്. പരിചരിക്കാന്‍ ആരുമില്ലാത്ത രോഗികള്‍ക്ക് വിവിധ ഷിഫ്റ്റുകളിലായി ഇവര്‍ കൂട്ടിരിക്കുകയും ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. രോഗികളെ വിവിധ പരിശോധനകള്‍ക്ക് കൊണ്ടുപോകുക, മരുന്നുകള്‍ എത്തിച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ ആശുപത്രി ജീവനക്കാരെയും സഹായിക്കുന്നു. നിലവില്‍ ആവശ്യത്തിന് സ്റ്റാഫ് അംഗങ്ങള്‍ ഇല്ലാത്ത ജില്ലാ ആശുപത്രിയില്‍ ഈ സന്നദ്ധ സേവകരുടെ സേവനം വലിയ അനുഗ്രഹമാണ്. പ്രതേ്യകിച്ചും കാഷ്വാലിറ്റിയില്‍ കൂടുതല്‍ രോഗികള്‍ എത്തുമ്പോള്‍ സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനം ഏറെ ഫലപ്രദമാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രോഗികള്‍ക്കായി പത്ത് ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായം സാന്ത്വനം സെന്റര്‍ മുഖേന നല്‍കി. തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റും റഫര്‍ ചെയ്യുന്ന രോഗികളെ അവിടങ്ങളിലേക്ക് എത്തിക്കാനും ഇവര്‍ പോകാറുണ്ട്. ജില്ലയിലെ ആദിവാസി മേഖലകളില്‍ നിന്നെത്തുന്ന രോഗികളാണ് ഇത്തരം സഹായങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
മാനന്തവാടി ജില്ലാ ആശുപത്രിക്കു പുറമെ വൈത്തിരി താലൂക്ക് ആശുപത്രിയിലും സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്. അതാതു യൂനിറ്റുകളുടെ പരിധിയില്‍ വാട്ടര്‍ ബെഡ്ഡുകള്‍, വീല്‍ ചെയറുകള്‍, സ്ട്രക്ച്ചറുകള്‍ തുടങ്ങിയ ആരോഗ്യ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ യൂനിറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സേവകര്‍ക്ക് വിവിധ സര്‍കാര്‍ ഏജന്‍സികളുമായി സഹകരിച്ചു പരിശീലനം നല്‍കിയാണ് ആശുപത്രികളില്‍ സേവനത്തിന് നിയോഗിക്കുന്നത്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുന്നതിന് സാന്ത്വനം മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ വിവിധ മരുന്ന് കമ്പനികളുമായി ജീവന്‍രക്ഷാ മരുന്നുകള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ സെന്ററിനു കീഴില്‍ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. ഒന്നിടവിട്ട മാസങ്ങളില്‍ ജില്ലാ ആശുപത്രിയും പരിസര പ്രദേശങ്ങളും ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് തവണ ആശുപത്രിയും പരിസരങ്ങളും മാലിന്യമുക്തമാക്കി. ജില്ലാ ആശുപത്രി അധികൃതര്‍, ആശുപത്രി വികസന സമിതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്. കെ എസ് മുഹമ്മദ് സഖാഫി ചെയര്‍മാനും എസ് ശറഫുദ്ദീന്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, എസ് അബ്ദുല്ല, കൈപ്പാണി ഇബ്‌റാഹീം, ഈന്തന്‍ മൊയ്തു എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജില്ലാ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈദ് ദിനത്തില്‍ നടത്തിയ പെരുന്നാള്‍ വിഭവ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് വി എസ് കെ തങ്ങള്‍, അബ്ദുന്നാസര്‍ അഹ്‌സനി, കല്ലാച്ചി മജീദ്, നൗശാദ് കണ്ണോത്തുമല, ഉമര്‍ മുസ്‌ലിയാര്‍ കൂളിവയല്‍ നേതൃത്വം നല്‍കി.സെന്ററിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 8301085376 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.