Connect with us

Kozhikode

എസ് വൈ എസ് അറുപതാം വാര്‍ഷികം നാടുണര്‍ന്നു; പ്രചാരണച്ചൂടില്‍ കേരളം

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനായി നാടുണര്‍ന്നു. കേരളീയ മുസ്‌ലിംങ്ങളുടെ മുന്നേറ്റവഴികളില്‍ ആധികാരിക ശബ്ദമായ എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തിനായി നാളിതുവരെ കാണാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഗ്രാമനഗര വ്യത്യാസമില്ലാതെ നടന്നത്. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി “നാടുണര്‍ത്തല്‍” എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ കേരളത്തിന്റെ കവലകളിലും നിരത്തുകളിലും ഊടുവഴികളിലും ഒരുപോലെ സമ്മേളന പ്രചാരണവും പ്രാസ്ഥാനിക ചിഹ്നവും പതിഞ്ഞു. വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചാണ് ചുമരെഴുത്തിനും പ്രചാരണത്തിനും മുന്നിട്ടിറങ്ങിയത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരിയില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു. മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, എം എ മജീദ് അരിയല്ലൂര്‍ സംബന്ധിച്ചു.
ജില്ലാ തലങ്ങളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും സംസ്ഥാനത്തെ 125 സോണുകളില്‍ സോണ്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
സര്‍ക്കിള്‍, യൂണിറ്റ് ഘടകങ്ങളില്‍ അതാത് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 25000 സ്വഫ്‌വ അംഗങ്ങള്‍ സ്വയം സമര്‍പ്പിക്കുന്ന പ്രചാരണ ബോര്‍ഡുകളുടെ പ്രകാശനവും നാടുണര്‍ത്തലിന്റെ ഭാഗമായി നടന്നു. യൂണിറ്റുകളില്‍ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. സമ്മേളന പ്രഖ്യാപനം ദിനം തൊട്ട് തുടങ്ങിയ പ്രചാരണപ്രവര്‍ത്തനങ്ങളുടെ സംഘടിത രൂപമായിരുന്നു സംസ്ഥാനത്തൊട്ടുക്കും നടന്ന നാടുണര്‍ത്തല്‍. 2015 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറിലാണ് എസ് വൈ എസ് 60 ാം വാര്‍ഷിക മഹാസമ്മേളനം നടക്കുന്നത്.