Connect with us

National

ദസ്‌റ ആഘോഷങ്ങള്‍ക്കിടെ ദുരന്തം: 32മരണം

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. പാറ്റ്‌നയിലെ രാംഗുലാം ചൗക്കിന് പുറത്തുള്ള ഗാന്ധി മൈതാനത്തിലാണ് സംഭവം. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ആഘോഷങ്ങള്‍ക്ക് ശേഷം മൈതാനത്തിന് പുറത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബിഹാര്‍ ആഭ്യന്തര സെക്രട്ടറി അമീര്‍ സുബ്ഹാനി പറഞ്ഞു. പരുക്കേറ്റവരെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കഴിഞ്ഞ ശേഷം ആളുകള്‍ പുറത്തേക്ക് പോകുമ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഗാന്ധി മൈതാനത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകട കാരണം. വൈദ്യുതി കമ്പി പൊട്ടി വീണതായുള്ള വാര്‍ത്ത പരന്നതോടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് പറയപ്പെടുന്നു. നിരവധി സ്ത്രീകള്‍ തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതരായെന്നും ഇവരെ പാറ്റ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണ വിധേയമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ജിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
അപകടസ്ഥലത്ത് കവറുകളും ബാഗുകളും ചെരുപ്പുകളും ചിന്നിച്ചിതറി കിടക്കുന്നത് കാണാമായിരുന്നു. ബീഹാറില്‍ വിപുലമായ ദസറ ആഘോഷ പരിപാടി സര്‍ക്കാര്‍ തന്നെയാണ് സംഘടിപ്പിക്കുന്നത്.