Connect with us

Ongoing News

നികുതി വെട്ടിപ്പ്: മെസി വിചാരണ നേരിടണമെന്ന് കോടതി

Published

|

Last Updated

ബാഴ്‌സലോണ: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി വിചാരണ നേരിടണമെന്ന് ബാഴ്‌സലോണ കോടതി ഉത്തരവിട്ടു. സാമ്പത്തിക കാര്യങ്ങളില്‍ മെസിക്ക് അറിവുണ്ടായിരുന്നില്ലെന്നും പിതാവ് ജോര്‍ജെയാണ് മെസിയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്ന വാദം കോടതി തള്ളി.
നാലു തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ലോക ഫുട്‌ബോളര്‍ക്കും പിതാവ് ജോര്‍ജിനുമെതിരെ 40 ലക്ഷം യൂറോ(31.32 കോടി രൂപ)യുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് സ്‌പെയിനിലെ നികുതി വകുപ്പ് അധികൃതര്‍ നിയമനടപടി ആരംഭിച്ചത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും വെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമാണ് മെസിയുടെ നിലപാട്. പ്രശ്‌നത്തില്‍ മെസിക്ക് പിന്തുണയുമായി ബാഴ്‌സലോണന്‍ ക്ലബ് അധികൃതരും രംഗത്തെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായിക താരങ്ങളിലൊരാളായ മെസിയുടെ ബാഴ്‌സലോണയിലെ പ്രതിവര്‍ഷ ശമ്പളം 16 ലക്ഷം യൂറോയാണ്. ഇതുകൂടാതെ വിവിധ സാമ്പത്തിക-വ്യാവസായിക സ്ഥാപനങ്ങളും സ്‌പോണ്‍സര്‍മാരും ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകളുമുണ്ട്. താരവും പിതാവും തെറ്റായ രേഖകള്‍ ഹാജരാക്കി മുന്നു തവണ നികുതി വെട്ടിപ്പ് നടത്തിയതായാണ് സ്പാനിഷ് അധികൃതരുടെ ആരോപണം.ആരോപണം തെളിയിക്കപ്പെട്ടാല്‍ ആറു വര്‍ഷംവരെ തടവും വന്‍ തുക പിഴയും ഒടുക്കേണ്ടിവരുന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.