Connect with us

Palakkad

ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെ നിയമം കര്‍ക്കശമാക്കുന്നു

Published

|

Last Updated

പാലക്കാട്: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് തീരുമാനിച്ചു.
രക്തബന്ധം, വിവാഹബന്ധം, ദത്തെടുക്കല്‍, കുട്ടുകുടുംബം എന്നിവയിലൂടെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവര്‍ക്ക് മറ്റ് അംഗങ്ങളില്‍ നിന്നുണ്ടാകുന്ന ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും നിയമം സംരക്ഷിക്കും. സ്ത്രീധന പീഡനവും നിയമത്തിന്റെ പരിധിയില്‍ വരും.
നിയമം നടപ്പാക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് പ്രൊവൈഡര്‍, മജിസ്‌ട്രേറ്റ് എന്നിവരെയും ചുമതലപ്പെടുത്തി. സ്ത്രീകളുടെ അന്തസിന് കളങ്കം വരുത്തുന്ന തരത്തില്‍ തെറി വിളിക്കുക, നാണം കെടുത്തുക, തരം താഴ്ത്തുക എന്നിവ ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങള്‍, ലൈംഗിക ചുവയുളള പെരുമാറ്റം എന്നിവ കുറ്റകരമാണ്.
ശാരീരിക ദുരുപയോഗം എന്നാല്‍ ശാരീരികമായി വേദനിപ്പിക്കുക, അവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുക, വളര്‍ച്ചക്കും വികാസത്തിനും തടസം സൃഷ്ടിക്കുക തുടങ്ങിയവക്ക് കാരണമാകുന്ന ഏതെങ്കിലും നടപടിയോ പെരുമാറ്റമോ ആണ്. കൈയ്യേറ്റം, ഭീഷണി, ബലപ്രയോഗം എന്നിവയും ഇതില്‍ ഉള്‍പ്പെടും.
അവകാശപ്പെട്ട സ്വത്ത് മുഴുവനായോ, ഭാഗികമായോ തട്ടിയെടുക്കുക, സ്ഥാവര ജംഗമ വസ്തുക്കള്‍, ഷെയറുകള്‍, ജാമ്യപത്രങ്ങള്‍, ബോണ്ടുകള്‍, വില പിടിപ്പിളള വസ്തുക്കള്‍, മറ്റു സ്വത്തുക്കള്‍ എന്നിവ അന്യാധീനപ്പെടുത്തുക എന്നിവയും ശിക്ഷാര്‍ഹമാണ്.
ഗാര്‍ഹിക പീഡനം നടന്നെന്നോ, നടക്കുന്നെന്നോ, നടക്കുമെന്നോ അറിവുളള ഏതൊരാള്‍ക്കും വിവരം വാക്കാലോ, എഴുതിയോ ബന്ധപ്പെട്ട പ്രൊട്ടക്ഷന്‍ ഓഫീസറെയോ സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററിനെയോ അറിയിക്കാം.
അടിയന്തിര സാഹചര്യങ്ങളില്‍ പീഡന വിവരമറിഞ്ഞാല്‍ പ്രൊട്ടക്ഷന്‍ ഓഫീസറെയോ സര്‍വ്വീസ് പ്രൊവൈഡറോ ഉടന്‍ തന്നെ പോലീസിന്റെ സഹായത്തോടെ സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്‌ട്രേറ്റിന് നല്‍കണം.
നിയമം നടപ്പാക്കുന്നതിന് സര്‍വ്വീസ് പ്രൊവൈഡിങ് സെന്റുകള്‍ തുടങ്ങി. ഓരോ സെന്ററിലും ഓരോ ലീഗല്‍ കൗണ്‍സിലര്‍മാര്‍, സൗജന്യ നിയമസഹായം, കൗണ്‍സിലിങ്, ബോധവത്ക്കരണം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം, ഷെല്‍ട്ടര്‍ ഹോമുകളിലേക്കുളള റഫറന്‍സ് തുടങ്ങിവ ലഭ്യമാക്കും. ജില്ലയില്‍ നാഷണല്‍ സര്‍വ്വീസ് സൊസൈറ്റി മണ്ണാര്‍ക്കാട് ; പ്യൂപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റി പാലക്കാട് ; സോഷ്യല്‍ സര്‍വ്വീസ് ലീഗ്, മേഴ്‌സി കോളേജ് ; മഹിളാ മന്ദിരം, മുട്ടിക്കുളങ്ങര ; ഹോപ്പ് ഫൗണ്ടേഷന്‍, കല്‍മണ്ഡപം; ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ചാരിറ്റബിള്‍ സൊസൈറ്റി, മണ്ണാര്‍ക്കാട് ; അട്ടപ്പാടി സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍, പാകുളം, താവളം പി.ഒ; ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റര്‍, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ സര്‍വ്വീസ് സെന്ററുകളുടെ സേവനം ലഭിക്കും. ഫോണ്‍ : 0471 2722258.

കുടുംബമേള നടത്തി
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കണ്ണമ്പ്ര യൂനിറ്റ് കുടുംബമേള ജില്ലാ വൈസ് പ്രസിഡന്റ് സി എം വര്‍ക്ഷീസ് ഉദ്ഘാടനം ചെയ്തു. സി അപ്പു അധ്യക്ഷത വഹിച്ചു. എം വേലപ്പന്‍, കെ ശ്രീധരന്‍, പി ഗൗരിക്കുട്ടി, സി പി ജോണ്‍, പി ആര്‍ തങ്കപ്പന്‍, എം വി അപ്പുണ്ണിനായര്‍, പി കെ ഹരിദാസന്‍ പ്രസംഗിച്ചു.

 

Latest