Connect with us

Kozhikode

സര്‍വേ പൂര്‍ത്തിയായിട്ടും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറാകുന്നില്ല

Published

|

Last Updated

കോഴിക്കോട്: സര്‍വേ പൂര്‍ത്തിയായിട്ടും മാമ്പുഴ കൈയേറ്റവുമായി ബന്ധപ്പെട്ട് പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ തയാറാകുന്നില്ല. കോഴിക്കോട് താലൂക്കിലെ പെരുമണ്ണ, ഒളവണ്ണ, കുറ്റിക്കാട്ടൂര്‍, പന്തീരാങ്കാവ് പഞ്ചായത്തുകളിലെ സര്‍വേ ആണ് പൂര്‍ത്തിയായത്. എന്നാല്‍ ഈ പുറമ്പോക്ക് ഭൂമി എറ്റെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ടി കെ അബ്ദുല്‍അസീസ് പറഞ്ഞു. പെരുമണ്ണ, പെരുവയല്‍, ഒളവണ്ണ പഞ്ചായത്തുകളിലൂടെയാണ് പ്രധാനമായും മാമ്പുഴ കടന്നുപോവുന്നത്.
മാലിന്യങ്ങള്‍ തള്ളിയും ആഫ്രിക്കന്‍ പായല്‍ മൂടിയും ക്ഷയിച്ചുകൊണ്ടിരുന്ന പുഴക്ക് ശാപമോക്ഷമേകാനും വികസനത്തിനുമായി 2010 നവംബര്‍ 28നാണ് മാമ്പുഴ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ഇതേത്തുടര്‍ന്ന് പുഴ ശുചീകരണവും ബോധവത്കരണ പരിപാടികളും നടത്തി വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സര്‍വേ നടത്താന്‍ റവന്യൂ വിഭാഗം തീരുമാനിച്ചു. പുഴ സംരക്ഷണത്തിനായി ഫണ്ട് വകയിരുത്താനും സമിതിയുടെ പ്രവര്‍ത്തനം മൂലം സാധിച്ചു.
നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്തു. 2011 ജനുവരിയില്‍ മാമ്പുഴയിലൂടെ തോണിയാത്രയും പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് പുഴ സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിവേദനം നല്‍കി. മാമ്പുഴ നവീകരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പി ടി എ റഹീം എം എല്‍ എയുടെ ചോദ്യത്തിന് അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുഴ കൈയേറ്റം നടന്നിട്ടുണ്ടെന്നും അത് കണ്ടെത്തുമെന്നും രേഖാമൂലം അറിയിച്ചു. പിന്നീട് ജില്ലാ കലക്ടറുടെ ചേംബറില്‍ പുഴ സംരക്ഷണം ചര്‍ച്ചചെയ്യാന്‍ യോഗം ചേരുകയും സര്‍വേ നടപടി ആരംഭിക്കുകയും ചെയ്തു.
2012 ജനുവരിയില്‍ കുന്നത്തുപാലത്തു നിന്നാരംഭിച്ച സര്‍വേ നാല് കിലോമീറ്റര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ വന്‍തോതില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു. എന്നാല്‍ ജീവനക്കാരില്ലെന്ന കാരണത്താല്‍ സര്‍വേ മുടങ്ങി. സര്‍വേ നടത്താന്‍ പ്രത്യേക സംഘത്തെ ആവശ്യപ്പെട്ട് രണ്ട് തവണ സംരക്ഷണ സമിതി കത്തെഴുതിയിരുന്നെങ്കിലും മറുപടി ഉണ്ടായില്ല. മാമ്പുഴയുടെ പഠനത്തിനായി സി ഡബ്ല്യു ആര്‍ ഡി എം എമ്മിലൈ പ്രൊജക്റ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ മാധവന്‍ കോമത്തിന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2013- 2014 വര്‍ഷങ്ങളിലായി സി ഡബ്ല്യു ആര്‍ ഡി എം ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ടെങ്കിലും പായല്‍ പ്രശ്‌നത്തിനു പരിഹാരമായിട്ടില്ല. സമീപത്തെ അനധികൃത കെട്ടിടങ്ങളില്‍നിന്നു പുഴയിലേക്ക് മലിനജലം ഇപ്പോഴും ഒഴുക്കുന്നുണ്ട്. ഇതിനിടെ, മാമ്പുഴ ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നതിനായി മന്ത്രി എ പി അനില്‍കുമാര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാമ്പുഴ സംരക്ഷണ സമിതി റിപോര്‍ട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സമര്‍പ്പിച്ചിരിക്കുകയാണ്.
സര്‍വേ പൂര്‍ത്തിയായിട്ടും പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിരിക്കുകയാണ് മാമ്പുഴ സംരക്ഷണ സമിതി. ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡന്റുമാരെ നേരില്‍ക്കണ്ട് വിഷയം ബോധ്യപ്പെടുത്താനും, എം എല്‍ എ, എം പി എന്നിവരകണ്ട് ചര്‍ച്ച ചെയ്ത് തീരുമാനമായില്ലെങ്കില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്ന് സമിതി പ്രസിഡന്റ് ടി കെ അബ്ദുല്‍ അസീസ് പറഞ്ഞു.