Connect with us

International

ഇസില്‍ വിരുദ്ധ യുദ്ധം ശക്തിയാര്‍ജിക്കുന്നു; സിറിയന്‍ അതിര്‍ത്തിയില്‍ കനത്ത പോരാട്ടം

Published

|

Last Updated

ദമസ്‌കസ്: അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ദിശ് സൈന്യം ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ യുദ്ധം ആരംഭിച്ചു. സിറിയയുടെ അതിര്‍ത്തി നഗരങ്ങള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്നത് തടയാനാണ് കുര്‍ദിശ് സൈന്യം ശക്തമായ പോരാട്ടം നടത്തുന്നത്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന അയ്‌നുല്‍അറബില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സംഭവത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസില്‍ തീവ്രവാദികളുടെ ആക്രമണത്തെ ഭയത്ത് പതിനായിരക്കണക്കിന് പേര്‍ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലായനം ചെയ്തിരുന്നു. കൊബാനെ നഗരത്തിന്റെ രണ്ട് കിലോമീറ്റര്‍ വരെ കഴിഞ്ഞ ദിവസം ഇസില്‍ തീവ്രവാദികള്‍ എത്തിയിരുന്നു. ഇവര്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ അഞ്ച് തവണ വ്യോമാക്രമണം നടന്നു. വ്യോമാക്രമണം ഇസിലിന് കനത്ത തിരിച്ചടിയായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഐനുല്‍ അറബ് പിടിച്ചെടുക്കാന്‍ ഇസില്‍ തീവ്രവാദികള്‍ ശക്തമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സിറിയ- തുര്‍ക്കി അതിര്‍ത്തിയിലെ വലിയ ഭാഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഈ പ്രദേശം പിടിച്ചടക്കുന്നതോടെ ഇസിലിന് സാധ്യമാകും.
നിലവില്‍ കുര്‍ദിശ് സൈന്യത്തിന് പിന്തുണനല്‍കി അമേരിക്കയും ചില അറബ് രാഷ്ട്രങ്ങളും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ അറബ് രാഷ്ട്രങ്ങളും സജീവമായി പങ്കെടുത്തിരുന്നു. മൂന്ന് വിഭാഗമായാണ് കുര്‍ദുകള്‍ ഇസില്‍ തീവ്രവാദികളെ നേരിടുന്നത്. അതേസമയം, ഇസില്‍ സായുധ സംഘവുമായുള്ള ഏറ്റുമുട്ടല്‍ പെട്ടെന്ന് അവസാനിക്കില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ മാത്രമേ ഇറാഖിലെയും സിറിയയിലെയും ഇസില്‍ തീവ്രവാദികളെ പരാജയപ്പെടുത്താന്‍ കഴിയൂവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, നാറ്റോയില്‍ അംഗമായ തുര്‍ക്കിയും ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകുമെന്ന് ഉറപ്പായി. പാര്‍ലിമെന്റ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ തങ്ങള്‍ നേരിട്ട് പങ്കെടുക്കില്ലെന്നായിരുന്നു തുര്‍ക്കിയുടെ നിലപാട്.
അതിനിടെ ഇറാഖിലെ അറബ് കടന്നുകയറ്റത്തെ വിമര്‍ശിച്ച് ഇറാഖ് പ്രധാനമന്ത്രി അബാദി രംഗത്തെത്തി.
ആസ്‌ത്രേലിയയുടെ വ്യോമ വിഭാഗം ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി പ്രധാനമന്ത്രി ടോണി അബോട്ട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം തങ്ങള്‍ നടത്തിയ ഒരു വ്യോമാക്രമണത്തില്‍ ഇസില്‍ തീവ്രവാദികളുടെ വാഹനവ്യൂഹത്തെ നശിപ്പിച്ചതായി ബ്രിട്ടന്‍ അവകാശപ്പെട്ടു.