Connect with us

Kerala

സംസ്ഥാനത്ത് ട്രഷറി എ ടി എം സ്ഥാപിക്കുമെന്ന് കെ എം മാണി

Published

|

Last Updated

atm

തിരുവനന്തപുരം: മൂന്ന് മാസത്തിനകം ട്രഷറികളില്‍ എ ടി എം സംവിധാനം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എം മാണി. ട്രഷറി ഇടപാടുകള്‍ ഇന്റര്‍നെറ്റ് വഴി നടത്താവുന്ന ഇ-ട്രഷറി പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ ടി എം വരുന്നതോടെ ബാങ്ക് ഇടപാടുകള്‍ക്ക് സമാനമായ രീതിയില്‍ ട്രഷറികളില്‍ നിന്ന് പണമിടപാട് നടത്താനാകും. യൂട്ടിലിറ്റി സര്‍വീസുകളും ഇനി ഇലക്‌ട്രോണിക് ഇടപാടുകള്‍ വഴിയാക്കും.
വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ചാര്‍ജ് ഓഫീസുകളില്‍ പോകാതെ ബാങ്ക് വഴി കൈമാറാന്‍ സൗകര്യമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇ-ട്രഷറി സംവിധാനം വഴി 24 മണിക്കൂറും ഇടപാടുകള്‍ നടത്താന്‍ സാധിക്കും. കൂടാതെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനൊപ്പം സുതാര്യവുമായിരിക്കും. ആധുനിക മാറ്റങ്ങള്‍ക്കനുസരിച്ച് സേവന മണ്ഡലങ്ങളും മാറേണ്ടത് അനിവാര്യമാണ്. പുതിയ സംവിധാനം വഴി ട്രഷറിയില്‍ നേരിട്ട് പോകാതെ സര്‍ക്കാറിലേക്കുള്ള പണം ഇലക്‌ട്രോണിക് മാധ്യമം അവലംബിച്ച് നേരിട്ട് അടക്കാന്‍ സാധിക്കും. ഇലക്‌ട്രോണിക് മാധ്യമം ഉപയോഗിച്ച് ട്രഷറികള്‍ നവീകരിക്കും. ട്രഷറിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. ആധുനിക പരിഷ്‌കാരങ്ങളോടെ ട്രഷറി ഇന്ന് നമ്മുടെ വിരല്‍ തുമ്പില്‍ എത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഇ എം എല്‍ ഐ സംവിധാനത്തിന്റെ ഉദ്ഘാടനം കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു. റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്, കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ കെ ആര്‍ ബാലചന്ദ്രന്‍, എസ് ബി ടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍, ജനറല്‍ മാനേജര്‍ ഹരികിഷോര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ ബാദല്‍ ചന്ദ്രദാസ്, ട്രഷറി ഡയറക്ടര്‍ എസ് ശ്രീകുമാര്‍ സംബന്ധിച്ചു.