Connect with us

Gulf

ബലിപെരുന്നാള്‍ അറവ് മൃഗങ്ങളുടെ വില വര്‍ധിക്കുന്നു

Published

|

Last Updated

അബുദാബി: ബലിപെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അറവ് മൃഗങ്ങളുടെ വില വര്‍ധിക്കുന്നു. പ്രധാനമായും അറവിനുള്ള ആടുകള്‍ക്കാണ് വില ഗണ്യമായി ഉയരുന്നത്. ഇറാനില്‍ നിന്നു എത്തുന്ന ജസിരി ആടുകള്‍ക്ക് ഓരോന്നിനും 500 ദിര്‍ഹത്തില്‍ അധികമാണ് ഇത്തവണ വില ഉയര്‍ന്നിരിക്കുന്നത്. വില വര്‍ധനവ് ബലിപെരുന്നാള്‍ കഴിയുവോളം തുടര്‍ന്നേക്കുമെന്നാണ് മിന സായിദിലെ കച്ചവടക്കാര്‍ പറയുന്നത്. ദുബൈയിലെ അറവ് മൃഗങ്ങളെ വിതരണം ചെയ്യുന്നവരും വില വര്‍ധനവിന് ഇടയാക്കുന്നതായും കച്ചവടക്കാര്‍ കുറ്റപ്പെടുത്തി. ദുബൈയിലെ വന്‍കിട കച്ചവടക്കാരാണ് വില വര്‍ധനവിന് പിന്നിലെന്ന് മിന സായിദിലെ കച്ചവടക്കാരില്‍ ഒരാളായ നവാബ് യൂസുഫ് ആരോപിച്ചു.
മൊത്തക്കച്ചവടക്കാര്‍ അറവ് മൃഗങ്ങളെ വാങ്ങി സൂക്ഷിക്കുകയും പെരുന്നാളിന്റെ തൊട്ട ദിവസം വില്‍പനക്കായി വെക്കുകയുമാണ് ചെയ്യുന്നത്. അവസാന നിമിഷത്തില്‍ ഇറക്കുന്നതിനാല്‍ അവര്‍ പറയുന്ന വില നല്‍കി ആവശ്യക്കാര്‍ വാങ്ങുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഇതുവരെ 40 പ്രാദേശിക ആടുകളെ മാത്രമാണ് ബലിക്കായി ലഭിച്ചിട്ടുള്ളതെന്നും 18 വര്‍ഷമായി മിനയില്‍ കച്ചവടം ചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശിയായ യൂസുഫ് വ്യക്തമാക്കി.
വില ക്രമാതീതമായി ഉയരുന്നതിനാല്‍ കച്ചവടത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കാത്ത സ്ഥിതിയാണ്. തദ്ദേശീയ ആടുകളായ നജ്ദിക്കും നയീമിക്കും 1,600 മുതല്‍ 1,800 ദിര്‍ഹം വരെയാണ് വില. ഇറാനില്‍ നിന്നു കൂടുതല്‍ ആടുകള്‍ വന്നിരുന്ന സമയത്ത് നാടന്‍ ആടുകള്‍ക്ക് 1,000 മുതല്‍ 1,200 വരെയായിരുന്നു വില. ഏഴു മാസം മുമ്പ് കാശ്മീരില്‍ നിന്നുള്ള ചെമ്മരിയാടുകള്‍ക്ക് 400 ദിര്‍ഹമായിരുന്നു വില. ഇപ്പോഴത് 600 മുതല്‍ 650 വരെയായി ഉയര്‍ന്നിരിക്കയാണെന്നും യൂസുഫ് പറഞ്ഞു.