Connect with us

Ongoing News

ആദിവാസി സ്ത്രീയെ സി ബി ഐ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ ഉപേക്ഷിച്ചെന്ന് ആരോപണം

Published

|

Last Updated

കല്‍പ്പറ്റ: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട മനോരോഗിയായ ആദിവാസി സ്ത്രീയെ സി ബി ഐ ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി അറസ്റ്റുചെയ്യുകയും ആശുപത്രിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തതായി ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീരാല്‍ മുരിതിലാടി ആദിവാസി കോളനിയിലെ മാരിയെയാണ് അറസ്റ്റ് ചെയ്തത്. സി ബി ഐ ചെന്നൈ യൂനിറ്റിലെ എ എസ് ഐ. എ പി കുമാരനും മറ്റു ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് മനോരോഗിയാണെന്ന് മനസ്സിലാക്കി ബത്തേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ 28ന് രാവിലെ ഏഴ് മണിയോടെയാണ് വനിതാ പോലീസ് പോലുമില്ലാതെ മരിയെ അറസ്റ്റുചെയ്തതും സ്വകാര്യവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതും. മാരിയുടെ മകളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മാരിയുടെ മകളെ കസ്റ്റഡിയിലെടുത്തത് തികച്ചും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ ആരോപിച്ചു.
മുത്തങ്ങാ സമരവുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ 45 ാം പ്രതിയാണ് മാരി. മാരിയുടെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരണപ്പെട്ടു. ഇതോടെ മനോനില തകരാറിലായ മാരി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാറില്ലായിരുന്നു. തുടര്‍ന്ന് മാരിയുടെ ജാമ്യം റദ്ദാകുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മനോരോഗിയായ മാരിയെ കേസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഗോത്രമഹാസഭയുടെ അഡ്വക്കറ്റ് കഴിഞ്ഞ ആഗസ്റ്റ് 18ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ മാരിയെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ പരിശോധന നടത്തി കേസില്‍ നിന്ന് വേര്‍പെടുത്താമെന്നും ആഗസ്റ്റ് 18ന് സി ജെ എം കോടതി അറിയിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയതിനുശേഷം മാനസിക രോഗത്തിന് ചികിത്സിക്കാന്‍ മക്കളും ബന്ധുക്കളും തയ്യാറായിരിക്കെയാണ് 28ന് മാരിയെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുകയോ, നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അതേസമയം മാരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വ്യാജ റിപ്പോര്‍ട്ടാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിത്.
മനോരോഗിക്കു നല്‍കുന്ന ചികിത്സയല്ല സുല്‍ത്താന്‍ ബത്തേരി ജനറല്‍ ആശുപത്രിയില്‍ മാരിക്ക് നല്‍കുന്നത്. മാരിയെ ഡിസ്ചാര്‍ജ് ചെയ്യാനും ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കാനും ഡോക്ടര്‍മാര്‍ തയ്യാറല്ല. ആശുപത്രിയിലാക്കിയ സി ബി ഐ ഉദ്യോഗസ്ഥര്‍ വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി മാരിയെയും ഒരുതെറ്റും ചെയ്യാത്ത മകളെയും അറസ്റ്റുചെയ്യുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത സി ബി ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെട്ടു.
കഴിഞ്ഞ 22ന് മാനന്തവാടി പയ്യമ്പള്ളിയിലെ മാരന്‍ എന്ന ആദിവാസി അറസ്റ്റു ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജാമ്യമെടുക്കാന്‍ ചെന്ന മകളെയും ജാമ്യക്കാരിയെയും ഇതേ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും ഇവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ആദിവാസി വിരുദ്ധ നിലപാടിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ഗോത്രമഹാസഭ ആവശ്യപ്പെട്ടു. 85 ദിവസമായി സെക്രേട്ടറിയറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തിവരുന്ന നില്‍പ്പുസമരം ശക്തിപ്പെടുത്താന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച തുടരുമ്പോഴും പൂക്കോട് വനഭൂമിയില്‍ മലനിരകള്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ഇടിച്ചുനിരത്തുകയാണ്.
മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് പുനരധിവാസം വാഗ്ദാനം ചെയ്യുമ്പോഴും മുത്തങ്ങാ സമരത്തില്‍ വെടിയേറ്റ് മരിച്ച യോഗിയുടെ കുടുംബത്തിനും അതിക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടില്ല. ആദിവാസി പുനരധിവാസം പുനഃപരിശോധിക്കുന്നതിനെ സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും എം ഗീതാനന്ദന്‍ ആരോപിച്ചു. ഭാരവാഹികളായ നാരായണന്‍, രമേശന്‍ കൊയാലിക്കര വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.