Connect with us

Editorial

രണ്ടിനം നീതികള്‍ !

Published

|

Last Updated

പേരിന് തടവു ശിക്ഷയെങ്കിലും എ ഐ ഡി എം കെ നേതാവ് ജയലളിത ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ സുഖജീവിതത്തിലാണെന്നാണ് വാര്‍ത്ത. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയക്ക് എയര്‍കണ്ടീഷന്‍, ടെലിവിഷന്‍, ഫോണ്‍ സൗകര്യങ്ങളെല്ലാമുള്ള വി വി ഐ പി സെല്‍ 23-ാം നമ്പര്‍ മുറിയാണ് അനുവദിച്ചത്. ജയിലില്‍ ഭക്ഷണമുണ്ടെങ്കിലും പാര്‍ട്ടി അനുയായികള്‍ പുറത്തുനിന്നെത്തിച്ചു കൊടുക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. ജയയെ പരിശോധിക്കാന്‍ ജയിലിലെ മെഡിക്കല്‍ സംഘം 24 മണിക്കൂറും സജ്ജം. പരപ്പന അഗ്രഹാര ജയിലിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം തന്നെ ഇതിനായുണ്ട്. സന്ദര്‍ശകരുമായി യഥേഷ്ടം സംസാരിക്കുകയും ചെയ്യാം. അഞ്ച് ദിനപത്രങ്ങളും ജയില്‍ അധികൃതര്‍ എത്തിച്ചുകൊടുക്കുന്നു. ജയയുടെ വളര്‍ത്തു പുത്രന്‍ സുധാകരന് വി ഐ പി സെല്ലും അനുവദിച്ചിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിനും ജയില്‍വാസം പരമസുഖമായിരുന്നു. പ്രത്യേക കുളിമുറിയും ടി വിയുമുള്ള ജയിലിലെ കോട്ടേജിലാണ് ലാലുവിനെ പാര്‍പ്പിച്ചത്. അദ്ദേഹമെത്തിയ ശേഷം കോട്ടേജില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിക്കുകയും ചെയ്തു. സന്ദര്‍ശന സമയമൊന്നും നോക്കാതെ ലാലുവിനെ കാണാന്‍ ആളുകളെ അനുവദിക്കുകയും ചെയ്തിരുന്നു.
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിന തടവിന് ശിക്ഷിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളക്കും പരോളിന്റെയും ചികിത്സയുടെയും രൂപത്തില്‍ നിയമത്തിലെ പഴുതുകള്‍ ഒന്നൊന്നായി തുറക്കപ്പെട്ടു. കോടതി തടവ് ശിക്ഷ വിധിച്ച ഉടനെ പരോള്‍. അത് കഴിഞ്ഞു പൂജപ്പുര ജയിലിലെത്തി 48 മണിക്കൂറിനകം തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ. ആശുപത്രിയിലെ സ്യൂട്ട്‌റൂമില്‍ മക്കളും മരുമക്കളും വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരും പരിചാരകര്‍. അധികം താമസിയാതെ യു ഡി എഫ് സര്‍ക്കാര്‍ പിള്ളക്ക് ജയില്‍ മോചനവും നല്‍കി.
സാമൂഹിക നീതിയെക്കുറിച്ചു അധികാരി വര്‍ഗം നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നാട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ജയിലുകളില്‍ പോലും പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. പാവപ്പെട്ടവര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരും പണക്കാരും അനര്‍ഹമായ സുഖസൗകര്യങ്ങളാണ് അനുഭവിക്കുന്നതെന്ന മനുഷ്യാവകാവശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ നിരീക്ഷണം എത്ര വാസ്തവം. പത്തനംതിട്ട ജില്ലാ ജയിലില്‍ അബ്ദുല്‍ കരീം എന്ന തടവുകാരന്‍ ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയായ സംഭവത്തിലായിരുന്നു കോശിയുടെ ഈ വിമര്‍ശം. ജനപ്രതിനിധികള്‍ക്ക് നിയമനിര്‍മാണസഭക്ക് പുറത്ത് പ്രത്യേക പരിരക്ഷക്ക് അര്‍ഹതയില്ലെന്ന് മധ്യപ്രദേശ് ലോകായുക്ത നല്‍കിയ ഹരജി പരിഗണിക്കവെ കഴിഞ്ഞ ഫെബ്രുവരി 25ന് സുപ്രീംകോടതി വ്യക്തമാക്കിയതുമാണ്. നിയമ നിര്‍മാണപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതിനാലാണ് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ പുറത്ത് അവര്‍ സാധാരണ പൗരന്മാരെപോലെ നിയമനടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി ഓര്‍മപ്പെടുത്തിയിരുന്നു. ആ വിധിയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ് ജനപ്രതിനിധികള്‍ക്ക് ജയിലില്‍ അനുവദിക്കുന്ന ആര്‍ഭാട ജീവിതവും പ്രത്യേക സൗകര്യങ്ങളും.
അഴിമതിക്കേസിലാണ് ജയലളിതയും ലാലുവുമെല്ലാം ശിക്ഷിക്കപ്പെട്ടത്. ജയിലില്‍ അവര്‍ സ്വന്തം വീട്ടിലേതിനേക്കാള്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ ഈ ശിക്ഷക്കെന്തര്‍ഥം? ചെയ്ത തെറ്റിന്റെ ശിക്ഷ മറ്റുള്ളവര്‍ അനുഭവിക്കുന്നത് പോലെ അവരും അനുഭവിക്കണം. ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണ് അവര്‍ ചെയ്തത്. രാഷ്ട്രത്തോടും ജനങ്ങളോടും കാണിച്ച ഈ വഞ്ചനക്ക് അര്‍ഹമായ ശിക്ഷ അനുഭവിക്കുക തന്നെ വേണം. അതൊരു പ്രഹസനമാക്കി ഇന്ത്യന്‍ നീതി വ്യവസ്ഥയെ അവഹേളിക്കരുത്. സാധാരക്കാരന് ഒരു നീതിയും രാഷ്ട്രീയ നേതാക്കള്‍ക്ക് മറ്റൊരു നീതിയുമെന്നത് നീതിശാസ്ത്രത്തിന് ചേരുന്നതല്ല. പണക്കാരനും പാവപ്പെട്ടവനും ഭരണകര്‍ത്താവും പ്രജയുമെല്ലാം നീതിശാസ്ത്രത്തില്‍ തുല്യരാണ്.