Connect with us

Wayanad

അരിയക്കോട് പണിയ കോളനിയില്‍ മലമൂത്ര വിസര്‍ജനം സാഹസിക വൃത്തി

Published

|

Last Updated

പുല്‍പ്പള്ളി: പേരിനുപോലും കക്കൂസോ മൂത്രപ്പുരയോ ഇല്ലാതെ ഒരാദിവാസി കോളനി. ഈ അത്യപുര്‍വ സ്ഥിതിവിശേഷം പുല്‍പള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കൊളറാട്ടുകുന്നിലുള്ള അരിയക്കോട് പണിയ കോളനിക്ക് സ്വന്തം. ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളുമായി അന്‍പതോളം പേര്‍ കോളനിയിലുണ്ട്. ഇതില്‍ കൈക്കുഞ്ഞുങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് മലമൂത്ര വിസര്‍ജനം സാഹസിക വൃത്തി. അന്യരുടെ പറമ്പുകളില്‍ ഇരുളിന്റെ മറവില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാണിവരുടെ വിധി.
നാലും അഞ്ചും ക്ലാസ് വരെ പഠിപ്പുള്ളവരാണ് കോളനിയിലെ മുതിര്‍ന്നവരില്‍ പലരും. പ്രായമെത്തിയ കുട്ടികളെല്ലാം വിദ്യാലയത്തില്‍ പോകുന്നുണ്ട്. കക്കൂസുകളും മൂത്രപ്പുരകളും അനിവാര്യതയാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. പക്ഷേ, ഒരു നാടന്‍ കക്കൂസെങ്കിലും നിര്‍മിക്കാന്‍ സ്ഥലമെവിടെ? ഈ ചോദ്യത്തിനു മുന്നില്‍ നിസഹായരാകുകയാണ് കോളനിവാസികള്‍.
ഏകദേശം 12 സെന്റ് ഭൂമിയിലാണ് അരിയക്കോട് കോളനി. ഇതില്‍ ഒന്‍പത് വീടുകളിലായി 17 കുടുംബങ്ങളാണ് താമസം. ഒന്നിനോടൊന്നുചേര്‍ന്നാണ് വീടുകളുടെ ഇരിപ്പ്. ഇതിനു അലങ്കാരമായി പാതിവഴിയില്‍ പ്രവൃത്തി നിലച്ച ഒരു വീടും ഉണ്ട്.
വീടുകള്‍ സ്ഥിതിചെയ്യുന്ന മണ്ണ് ആരുടെ പേരിലാണെന്ന് കോളനിയിലെ ഒരു കുടുംബനാഥനും തിട്ടമില്ല. ആരും ഭൂനികുതി അടക്കുന്നില്ല. നികുതി അടക്കാത്തതിന്റെ കാരണം അധികാരികളിലാരെങ്കിലും തിരക്കിയത് കോളനിക്കാരുടെ ഓര്‍മയിലുമില്ല.
പുല്‍പള്ളിയില്‍നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ മാരപ്പന്‍മൂല-മുണ്ടക്കുറ്റിക്കുന്ന് റോഡരികിലാണ് അരിയക്കോട് കോളനി. പതിറ്റാണ്ടുകള്‍ മുന്‍പ് ഇവിടെ വന്നുപാര്‍ത്തവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. വീടുകള്‍ ഇരിക്കുന്നതിനോടുചേര്‍ന്ന് രണ്ട് ഏക്കറോളം സ്ഥലം തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് കോളനിയിലെ പ്രായംചെന്നവര്‍ പറയുന്നത്. ഈ ഭൂമിയത്രയും അന്യാധീനപ്പെട്ടു.
വഴി, വെള്ളം, വെളിച്ചം എന്നീ സൗകര്യങ്ങള്‍ കോളനിയിലുണ്ട്. വര്‍ഷങ്ങള്‍ മുന്‍പ് നിര്‍മിച്ചതാണ് കോളനിയിലെ കിണര്‍. കൊടിയ വേനലില്‍ ഒഴികെ കിണറില്‍ വെള്ളം ലഭ്യമാണ്.
ഒന്‍പത് വീടുകളിലായി ഞെങ്ങിഞെരുങ്ങിയാണ് 17 കുടുംബങ്ങളുടെ താമസം. കാലം ദുര്‍ബലമാക്കിയാതാണ് ഈ വീടുകളില്‍ പലതും.
മഴയത്ത് ചോര്‍ന്നൊലിക്കുന്നതാണ് അടുത്തകാലത്ത് പണിത വീടുകളും. കോളനിയിലെ അച്യുതന്റേതാണ് നിര്‍മാണം പാതിവഴിയില്‍ നിലച്ച വീട്. എഴെട്ടുമാസം മുന്‍പ് ആരംഭിച്ചതാണ് വീടിന്റെ പ്രവൃത്തി. നിലവിലുണ്ടായിരുന്ന കുടില്‍ പൊളിച്ചാണ് പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച വീടിനു തറകെട്ടിയത്. മൂന്നു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറുകാരന്റെ വാക്ക്.
എന്നാല്‍ വീട് ഭിത്തിപ്പൊക്കമായതോടെ കരാറുകാരനേയും തൊഴിലാളികളേയും കാണാതായി. ആദിവാസി വീടുപണി പാതിവഴിയില്‍ ഉപേക്ഷിച്ച കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കരാറുകാരന്‍ ഒരാഴ്ച മുന്‍പ് കുറച്ച് ഇഷ്ടികയും മെറ്റലും കോളനിക്കടുത്ത് റോഡരികില്‍ ഇറക്കിയെങ്കിലും പ്രവൃത്തി പുനരാരംഭിച്ചില്ല. പേരല്ലാതെ കരാറുകാരന്റെ ഒരു വിവരവും അച്യുതനോ കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന അച്യുതന്റെ കുടുംബം കുടില്‍ പൊളിച്ചതിനുശേഷം കോളനിയില്‍തന്നെയുള്ള ബന്ധുവീട്ടിലാണ് താമസം.
കൂലിപ്പണിയെടുത്താണ് അരിയക്കോട്ടെ ആദിവാസികളുടെ ഉപജീവനം. ചില കുടുംബങ്ങള്‍ വയല്‍ പാട്ടത്തിനും പങ്കിനുമെടുത്ത് നെല്‍കൃഷി നടത്തുന്നുണ്ട്.
താമസിക്കാനും കൃഷിചെയ്യാനും സ്വന്തം ഭൂമി എന്നത് ഓരോ കുടുംബത്തിന്റേയും സ്വപ്‌നമാണ്. മാറിത്താമസിക്കാന്‍ ഒരുക്കമാണ് കുടുംബങ്ങളെല്ലാം. മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനാട്ടുമ്പോഴേ കാലങ്ങളായി അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരമാകൂവെന്ന് കോളനിയിലെ രാഘവനും രാജുവും പറഞ്ഞു. ഭൂരഹിതര്‍ എന്ന നിലയില്‍ സ്ഥലം ലഭിക്കുന്നതിനു കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ അപേക്ഷകള്‍ ചുകപ്പുനാടയിലാണ്.

Latest