Connect with us

Wayanad

കക്കടവ് പാലം നിര്‍മാണം വൈകുന്നു

Published

|

Last Updated

വെള്ളമുണ്ട:നിര്‍മാണത്തിനായി കെട്ടിയ കമ്പികള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയായിട്ടും പണി ത്വരിതപ്പെടുത്താന്‍ പൊതുമരാമത്തിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ല. രണ്ടു ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കക്കടവ് പാലം നിര്‍മാണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും പാതിവഴി പോലുമെത്തിയില്ല.
രണ്ടര വര്‍ഷം മുമ്പാണ് വെള്ളമുണ്ട, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളെയും കല്‍പ്പറ്റ-മാനന്തവാടി ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലയാണ-കക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. 4.80 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഇരുവശങ്ങളിലുമുള്ള നടപ്പാതയുള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കേണ്ടത്. പുഴയില്‍ രണ്ടും കരയില്‍ രണ്ടും തൂണുകള്‍ നിര്‍മിക്കേണ്ട പാലത്തിന്റെ പ്രവൃത്തി 2012ല്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹീംകുഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. 2014 മാര്‍ച്ചില്‍ പണി തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍, കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും പാലത്തിന്റെ പണി പകുതിപോലും എത്തിയില്ലെന്നതാണ് അവസ്ഥ. പാലത്തിലെ തൂണുകളും സ്ലാബുകളും നിര്‍മിക്കാന്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പാണ് കമ്പികള്‍ സ്ഥാപിച്ചത്. ഇതു മഴയും വെയിലുമേറ്റ് തുരമ്പെടുത്ത അവസ്ഥയിലാണിപ്പോഴുള്ളത്. പണി ആരംഭിച്ച് ആദ്യത്തെ ആറുമാസം നല്ല നിലയില്‍ നീങ്ങിയ പ്രവൃത്തികള്‍ കരാറുകാരന്‍ സബ് കോണ്‍ട്രാക്ടറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങി. കഴിഞ്ഞ മൂന്നു മാസത്തിലധികമായി യാതൊരു പണിയും നടത്തിയിട്ടില്ല.
വെള്ളമുണ്ട പഞ്ചായത്തിലെ കക്കടവ്, പാലയാണ, കരിങ്ങാരി പ്രദേശവാസികള്‍ക്കും പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ, മുണ്ടക്കുറ്റി, എടത്തറ നിവാസികള്‍ക്കുമാണ് ഈ പാലത്തിന്റെ പ്രയോജനം ലഭിക്കുക. നിരവധി തവണ സമരങ്ങള്‍ നടത്തിയ ശേഷമാണ് പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത്.

Latest