Connect with us

Kasargod

സമാന്തര ഗാന്ധിജയന്തി ആഘോഷം; മൂന്ന് കോണ്‍. നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

കാഞ്ഞങ്ങാട്: നേതൃത്വത്തെ വെല്ലുവിളിച്ച് കാഞ്ഞങ്ങാട്ട് സമാന്തര ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കെ പി സി സി പ്രസിഡന്റ വി എം സുധീരന് ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കി.
മുന്‍ നഗരസഭാ ചെയര്‍മാനും ഡി സി സി നിര്‍വാഹക സമിതിയംഗവുമായ വി ഗോപി, ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഹൊസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റുമായ എം ഹസിനാര്‍, ഡി സി സി അംഗം വിനോദ് ആവിക്കര എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഡി സി സി ശിപാര്‍ശ ചെയ്തത്. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി അഡ്വ. പി ബാബുരാജിനെ നിയമിച്ചതിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും സമാന്തര യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്യാന്‍ നേതൃത്വം നല്‍കിയതിന്റെ പേരിലാണ് മൂന്നുപേര്‍ക്കുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒക്‌ടോബര്‍ 2 ന് നടത്തുന്ന ഗാന്ധി അനുസ്മരണ പദയാത്രക്ക് സമാന്തരമായാണ് വിമത നേതാക്കള്‍ പദയാത്ര പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയാണ് കെ പി സി സി പ്രസിഡന്റിന് ഡി സി സി പ്രസിഡന്റ് നടപടി ശിപാര്‍ശ നല്‍കിയത്. ഇതേ തുടര്‍ന്ന് മൂന്ന് നേതാക്കള്‍ക്കുമെതിരെ കെ പി സി സി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.