കാന്‍സറിനും അല്‍ഷിമേഴ്‌സിനും പത്ത് വര്‍ഷത്തിനുള്ളില്‍ അത്ഭുത മരുന്ന്

Posted on: September 29, 2014 10:13 pm | Last updated: September 29, 2014 at 10:14 pm
SHARE

medication1കാന്‍സര്‍, അല്‍ഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം കാണാനാവുന്ന അല്‍ഭുത മരുന്ന് പത്ത് വര്‍ഷത്തിനകം കണ്ടെത്തുമെന്ന് റിപ്പോര്‍ട്ട്. നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാവുന്ന ഒരു എന്‍സൈമിനെ എങ്ങിനെ സ്വിച്ച് ഓഫ് ചെയ്യാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍.

കേടു വന്ന കോശങ്ങളെ നശിക്കുന്നതില്‍ നിന്ന് തടഞ്ഞ് അവയുടെ പ്രത്യുല്‍പാദന വേഗത കൂട്ടുന്ന പ്രോട്ടീനുകള്‍ തിരിച്ച് മാറാനാവാത്ത വിധത്തില്‍ മാറ്റം വരുത്തുകയാണ് എന്‍ എം ടി എന്‍സൈമിന്റെ ധര്‍മ്മം. കാന്‍സര്‍ കോശങ്ങള്‍ കീമോ തെറാപ്പിയെ പ്രതിരോധിക്കുവാനും ഇത് കാരണമായേക്കാം. അല്‍ഷിമേഴ്‌സ് രോഗത്തിലും ഇവക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ അല്‍ഷിമേഴ്‌സ് രോഗത്തില്‍ ഇവക്കുള്ള പങ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്‍സൈമുമായി പ്രവര്‍ത്തിക്കുന്ന നൂറിലധികം പ്രോട്ടീനുകളെ ഗവേഷകര്‍ കണ്ടെത്തി. അതോടൊപ്പം തന്നെ ഈ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ സ്വിച് ഓഫ് ചെയ്യാനാവുന്ന ഒരു തന്മാത്രയും ഇവര്‍ കണ്ടെത്തി. പുതിയ കണ്ടെത്തല്‍ പ്രയോജനപ്പെടുത്തി നിരവധി രോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കെമിസ്ട്രി ഡിപാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ എഡ്‌റ്റേറ്റ് പറഞ്ഞു.