Connect with us

Gulf

ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്ത് പിടികൂടി. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും ആഫ്രിക്കയിലെ പടിഞ്ഞാറന്‍ രാജ്യത്തേക്ക് ലോഞ്ചില്‍ കടത്തുകയായിരുന്ന 5.4 മെട്രി ടണ്‍ ഹഷീഷാണ് ദുബൈ പോലീസ് പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടിയത്.

ഈ മാസം 18നാണ് ദുബൈ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നായ ഓപ്പറേഷന്‍ നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ സംഘത്തിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുവേട്ട നടത്തിയതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തിനുപുറത്ത് നിന്നുവിശ്വസനീയമായ വിവരം ലഭിച്ചതനുസരിച്ചാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പ്രത്യേകം നിയോഗിക്കപ്പെട്ട സംഘം നേതൃത്വം നല്‍കി. പോലീസിനു ലഭിച്ച വിവരമനുസരിച്ച് സംശയാസ്പദമായ രീതിയില്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയ ലോഞ്ചിനെ തടഞ്ഞുനിര്‍ത്തി സംഘം പരിശോധന നടത്തി. പ്ലാസ്റ്റിക് ചാക്കുകളിലാക്കി ലോഞ്ചില്‍ ഒളിപ്പിച്ച നിലയിലാണ് അഞ്ചര ടണ്ണോളം തൂക്കം വരുന്ന ഹഷീഷ് കടത്താന്‍ ശ്രമിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് അഞ്ച് കോടി ദിര്‍ഹം വിലവരും. ലോഞ്ചില്‍ ഉണ്ടായിരുന്ന 14 ജീവനക്കാരെയും പിടികൂടിയതായും പോലീസ് മേധാവി അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ സംവിധാനങ്ങളുമായി ചേര്‍ന്ന് യു എ ഇയില്‍ മാത്രമല്ല ലോകത്തെവിടെയും മയക്കുമരുന്നു വ്യാപനത്തിനെതിരെ ശക്തമായി നിലകൊള്ളുകയും ലഹരി കടത്തിനെതിരെ മുഴുവന്‍ കഴിവുകളും ഉപയോഗിച്ച് പോരാടുകയും ചെയ്യുന്ന ദുബൈ പോലീസിന്റെ ശ്രമങ്ങള്‍ ഇതിനിടെ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു. പോലീസ് മേധാവിക്കു പുറമെ ദുബൈ പോലീസിലെമയക്കുമരുന്നു വിരുദ്ധ വിഭാഗം തലവന്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹാരിബ് ഉല്‍പ്പെടെ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.