Connect with us

International

സിറിയയിലെ അമേരിക്കന്‍ സൈനിക നീക്കത്തില്‍ തുര്‍ക്കി പങ്കെടുത്തേക്കും

Published

|

Last Updated

ഇസ്താംബൂള്‍: സിറിയയിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ തുര്‍ക്കി നേരിട്ട് പങ്കെടുത്തേക്കും. സൈനിക നീക്കത്തിന്റെ മുന്‍നിരയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തുര്‍ക്കി തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാനെ ഉദ്ധരിച്ച് ഹുര്‍റിയത് ഡെയ്‌ലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണില്‍ നിന്ന് അങ്കാറയിലേക്കുള്ള യാത്രാ മധ്യേ ഉര്‍ദുഗാന്‍ അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ നിലപാടില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പ്രഖ്യാപനം ഉര്‍ദുഗാന്‍ നടത്തിയിരിക്കുന്നത്. സിറിയയില്‍ കരസേനയെ നിയോഗിക്കുന്നതിനെ അദ്ദേഹം പിന്തുണച്ചുവെന്നും ഹുര്‍റിയത് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത മാസം രണ്ടിന് പാര്‍ലിമെന്റില്‍ ഇത് സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കിടും. പാര്‍ലിമെന്റ് അനുമതി നല്‍കുന്നതോടെ തുര്‍ക്കി വ്യോമ സൈനികര്‍ യുദ്ധ മുന്നണിയിലേക്ക് നീങ്ങും. യാതൊരുവിധ സൈനിക സഹായത്തിനും തുര്‍ക്കിയില്ലെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. രാജ്യം അതിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുക തന്നെ ചെയ്യും- ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാന്‍ ബഫര്‍ സോണും പറക്കല്‍ നിരോധിത മേഖലയും പ്രഖ്യാപിക്കും. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യോമ ആക്രമണം കൊണ്ട് മാത്രം തീവ്രവാദികളെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. കരയാക്രമണവും വേണ്ടി വന്നേക്കും. ഇസില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാനായി അമേരിക്ക ഇറങ്ങിത്തിരിച്ചിരിക്കുന്നത് തുര്‍ക്കിയുടെ കൂടി താത്പര്യത്തിലാണെന്നും ഉര്‍ദുഗാന്‍ തുറന്നടിക്കുന്നു.

Latest