ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി

Posted on: September 28, 2014 5:04 pm | Last updated: September 29, 2014 at 8:59 am
SHARE

PANEERSELAVAMചെന്നൈ: ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിയോഗം ജയലളിതയുടെ നിര്‍ദേശം അംഗീകരിച്ചു.നിലവില്‍ തമിഴ്‌നാട് ധനമന്ത്രിയാണ് പനീര്‍ശെല്‍വം. 2001 സെപ്റ്റംബര്‍ മുതല്‍ 2002 മാര്‍ച്ച് വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. നാളെയായിരിക്കും  സത്യപ്രതിജ്ഞ.

ജയലളിതയെ 2001 ല്‍ സുപ്രീംകോടതി അയോഗ്യയാക്കിയപ്പോള്‍ മുഖ്യമന്ത്രിപദവി രാജിവെക്കേണ്ടിവന്നിരുന്നു. അന്നും പകരക്കാരനാക്കിയത് ഒ. പനീര്‍ ശെല്‍വത്തെയാണ്. രണ്ടാമൂഴവും മുഖ്യമന്ത്രി സ്ഥാനം പനീര്‍ ശെല്‍വത്തിന് തന്നെ നല്‍കാനാണ് ജയലളിത നേരത്തെ തന്നെ തീരുമാനിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം ജയലളിത നേതാക്കളോട് അറിയിച്ചതോടെയാണ് നിയമസസഭാ കക്ഷി യോഗം ജയലളിതയുടെ നിര്‍ദേശം  അംഗീകരിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും ശിക്ഷ വിധിച്ചതോടെയാണ് ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ജയലളിത കുറ്റക്കാരിയെന്ന് കണ്ടെത്തി പരപ്പന അഗ്രഹാര ജയില്‍ കോംപ്ലക്‌സിലെ പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കേല്‍ ആണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് ജയലളിത. ജയലളിതക്ക് ശിക്ഷ വിധിച്ചതോടെ തമിഴ്‌നാട്ടില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറുകയാണ്.