Connect with us

Wayanad

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം: ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്വാറികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു.
അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മ്മാണ മേഖല സ്തംഭിച്ചതായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും എം.ഐ.ഷാനവാസ് എം.പി.യുടെ പ്രതിനിധി കെ.എല്‍. പൗലോസും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍മേഖലയിലെ നിര്‍മ്മാണങ്ങള്‍കൂടി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തിര തീരുമാനമാവശ്യമാണ്. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. ബത്തേരി, കല്‍പ്പറ്റ ഹാംലെറ്റ് വികസന പദ്ധതിയുടെ ഫണ്ട് ലാപ്‌സായതിനെത്തുടര്‍ന്നാണിത്.
പ്രധാന റോഡുകളിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ടൗണുകളിലെ തകര്‍ന്ന ഫുട്പാത്തുകള്‍ നന്നാക്കാനും വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. വന്യമൃഗശല്യം തടയുന്നതിന് സ്ഥാപിച്ച സൗരോര്‍ജ്ജ വേലികള്‍ തകരാറായത് നന്നാക്കുന്നതിന് നടപടി സ്വീകരിക്കണം. ലക്കിടി മുതല്‍ രണ്ട് കി.മീറ്റര്‍ ദൂരം അടിയന്തിരമായി നന്നാക്കാന്‍ ദേശീയപാതാ അധികൃതരോടാവശ്യപ്പെട്ടു. തൊണ്ടര്‍നാട് എസ്റ്റേറ്റിന് സമീപത്തെ പട്ടികജാതി കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും ഭവനനിര്‍മ്മാണത്തിനും പദ്ധതി തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
കല്‍പ്പറ്റ ബൈപാസ്സില്‍ പാര്‍ക്കിങ്ങിനും നടപ്പാത നിര്‍മ്മാണത്തിനും പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാകളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. മാനന്തവാടി ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പഴയ റസ്റ്റ്ഹൗസിന്റെ 86 സെന്റ് സ്ഥലം കൂടി ഉള്‍പ്പെടുത്തി ആശുപത്രിയും റോഡും നവീകരിക്കും. ശ്രീ ചിത്തിരയുടെ റീജ്യണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായും വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. കാര്‍ഷിക വസ്തുക്കള്‍ വാങ്ങുമ്പോള്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് പരിഗണന നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ എസ്.എസ്.എ. ഫണ്ട് ഉപയോഗിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പ്ലസ് ടു പ്രവേശനം ലഭിക്കാത്ത എസ്.സി/എസ്.ടി./ജനറല്‍ വിഭാഗത്തിലെ കുട്ടികളുടെ കൃത്യമായ കണക്ക് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോടാവശ്യപ്പെട്ടു. കണക്ക് ലഭ്യമല്ലെന്നറിയിച്ചതിനെ തുടര്‍ന്നാണിത്.
ആര്‍.എം.എസ്.എ. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് കെ.എം.എസ്.സി. കെട്ടിടത്തിലേക്ക് മാറ്റുന്നതിനും തീരുമാനമായി. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിന് അട്ടപ്പാടി മാതൃകയില്‍ കൂടുതല്‍ വേതനം നല്‍കി ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ അവധി അനുവദിക്കരുത്. അവധി അനുവദിക്കുമ്പോള്‍ പകരം സംവിധാനമേര്‍പ്പെടുത്തണം. അടിയ-പണിയ പാക്കേജ് നടപ്പാക്കുന്നതിലെ അലസത മാറ്റണം. അനുവദിച്ച തുക പൂര്‍ണ്ണമായും ഉടന്‍ വിനിയോഗിക്കണം.
ജില്ലയില്‍ ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിന് ആവശ്യത്തിന് പോസ്റ്റുകള്‍ ലഭ്യമല്ലെന്നത് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും. നിലവില്‍ 1000 പോസ്റ്റുകളുടെ കുറവാണുള്ളത്. തൊഴിലുറപ്പ് പദ്ധതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് 45 ശതമാനം തുക വരെ വിനിയോഗിക്കാം.
ഇത് സംബന്ധിച്ച് വ്യക്തത നല്‍കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കും. ആസ്തി വികസനത്തിന് പ്രയോജനപ്പെടുന്നവിധം തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും.
പട്ടിക വിഭാഗക്കാരുടെ വീട് നിര്‍മ്മാണത്തിന് പ്രത്യേക സൊസൈറ്റികളുണ്ടാക്കി നിര്‍മ്മാണമേല്‍പ്പിക്കും. തൊഴില്‍ ലഭിക്കുന്നതോടൊപ്പം വീട് നിര്‍മ്മാണം പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഇത് സഹായകമാകും.
കല്‍പ്പറ്റ ബൈപാസ്സില്‍ ട്രാഫിക് ജംഗ്ഷന്‍ ആരംഭിക്കുന്നിടത്ത് ആവശ്യമായ നിഗ്നലുകളും ഡിവൈഡറുകളും സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ആവശ്യപ്പെട്ടു.
സുഗന്ധഗിരി പ്രൊജക്ടില്‍ കൊടുവള്ളി ആസ്ഥാനമായുള്ള ട്രസ്റ്റിന് അഞ്ച് കോടി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം. ജില്ലയില്‍ നിന്ന് പഴം-പച്ചക്കറികള്‍ സംഭരിക്കുന്നതിന് പകരം ഈ ഏജന്‍സി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പഴം-പച്ചക്കറി ശേഖരണം നടത്തുന്നത്. അഞ്ച് കോടി കൈപ്പറ്റിയ ഏജന്‍സിയുടെ പ്രവര്‍ത്തനം ആദിവാസി വിഭാഗങ്ങള്‍ക്കോ ജില്ലയിലെ കര്‍ഷകര്‍ക്കോ പദ്ധതി ഗുണഭോക്താക്കള്‍ക്കോ പ്രയോജനം ചെയ്യുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണിത്.
പ്രകൃതിദുരന്തംമൂലമോ കീടബാധയെത്തുടര്‍ന്നോ കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം കണക്കാക്കുന്നത് കൃഷി വകുപ്പ് മുഖേനയാവണം. കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. റിവര്‍ഫണ്ട് മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിന് ജില്ലാതലത്തില്‍ യോഗം ചേരും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, എ.ഡി.എം. പിവി. ഗംഗാധരന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.ജി. സജീവ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----