ഇന്ത്യാ വിന്‍ഡീസ് ഏകദിനം: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Posted on: September 28, 2014 12:21 am | Last updated: September 28, 2014 at 9:23 am
SHARE

india-vs-west-indies-2013കൊച്ചി: വിവാദങ്ങളെയും ആശങ്കകളെയും ബൗണ്ടറിക്കടത്തി ഇന്ത്യാ വെസ്റ്റിന്‍ഡീസ് എകദിന ക്രിക്കറ്റിനായി കൊച്ചി ഒരുങ്ങിത്തുടങ്ങി. മല്‍സരത്തിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ എട്ടിന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളുടെ വില്‍പന ഇന്നലെ ആരംഭിച്ചു. സിനിമാതാരം നിവിന്‍ പോളിയാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ് എഷ്യാ ഷിപ്പിംഗ് സര്‍വീസ് എം ഡി ജോണ്‍സണ്‍ മാത്യു ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ എം എല്‍ എമാരായ ഹൈബി ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ഫെഡറല്‍ ബേങ്ക് ജനറല്‍ മാനേജര്‍ കെ ഐ വര്‍ഗീസ്, കെ സി എ സെക്രട്ടറി ടി എന്‍ അനന്തനാരായണന്‍, ജോയിന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബേങ്കിന്റെ 39 ശാഖകള്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. വയനാട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകം തിരഞ്ഞെടുത്ത് ഫെഡറല്‍ ബാങ്ക് ശാഖകളിലൂടെയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയിരുന്നു. കേരളത്തിന് പുറമെ കോയമ്പത്തൂരിലെ ഫെഡറല്‍ ബേങ്ക് ശാഖയിലും കൊച്ചി ഏകദിനത്തിനായുള്ള ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്.
അവധി ദിനങ്ങളായ ഒക്ടോബര്‍ രണ്ട് മൂന്ന് തിയ്യതികളില്‍ ഫെഡറല്‍ ബേങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ടിക്കറ്റ് വില്‍പ്പനക്ക് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് ലഭ്യമാക്കും.
ഓണ്‍ലൈനായി ഫെഡറല്‍ ബേങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആറ് ശതമാനം കാഷ് ബാക്ക് ആനുകൂല്യവും ബാങ്ക് പ്രാഖ്യപിച്ചിട്ടുണ്ട്. എ.സി ക്യൂബിക്കിള്‍ (3000) പവലിയന്‍ (1500) പ്രീമിയം ചെയര്‍ (1000) ഓര്‍ഡിനറി ചെയര്‍ (500) എന്നീ ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈനായി വില്‍ക്കുന്നത്. 200 രൂപയുടെ ഗാലറി ടിക്കറ്റുകള്‍ നാളെ മുതല്‍ ഫെഡറല്‍ ബേങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് മാത്രമേ ലഭിക്കൂ. മല്‍സര ദിനമായ ഒക്ടോബര്‍ എട്ടിന് കൊച്ചി പാലാരിവട്ടത്തെ ഫെഡറല്‍ ബേങ്ക് ശാഖയില്‍ നിന്ന് മാത്രമേ ടിക്കറ്റ് ലഭിക്കൂവെന്ന് കെ സി എ സെക്രട്ടറി അനന്തനാരായണന്‍ പറഞ്ഞു.